Kerala, News

ജില്ലയിൽ ശക്തമായ മഴയും കാറ്റും തുടരുന്നു;ഒരു മരണം കൂടി

keralanews heavy rain and wind continues in the district one more death reported

കണ്ണൂർ:ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ വിവിധഭാഗങ്ങളിൽ കനത്ത നാശനഷ്ട്ടങ്ങൾ റിപ്പോർട്ട് ചെയ്തു.പെരിങ്ങത്തൂർ കരിയാട് മുക്കാളിക്കരയിലെ പാർക്കുംവലിയത്തു നാണി(68) വയലിലെ വെള്ളക്കെട്ടിൽ വീണു മരിച്ചു.മാലൂരിൽ രാത്രിയിൽ ഉറങ്ങിക്കിടക്കുകയായിരുന്നവരുടെ ദേഹത്ത് വീട് ഇടിഞ്ഞു വീണു രണ്ടുപേർക്ക് പരിക്കേറ്റു. പ്പട്ടപ്പൊയിലിനടുത്ത മംഗലാടാൻ സാറുവിന്റെ വീടാണ് തകർന്നത്.സാറുവിനും(50) മകൻ റഫ്നാസിനുമാണ് പരിക്കേറ്റത്.പുലർച്ചെ വീടിനുള്ളിൽ നിന്നും നിലവിളി കേട്ട നാട്ടുകാർ എത്തിയാണ് തകർന്ന വീടിന്റെ കാലുകൾക്കിടയിൽ നിന്നും ഇരുവരെയും രക്ഷിച്ചത്. തൊട്ടടുത്ത മുറികളിൽ ഉറങ്ങുകയായിരുന്ന സാറുവിന്റെ മറ്റുമക്കളായ റഹ്മത്ത്,റമീസ എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.മൺകട്ടകളും കല്ലുകളും ദേഹത്ത് വീണതിനെ തുടർന്ന് സാറുവിന് പരിക്കേറ്റിരുന്നു.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഏകദേശം നാലുലക്ഷം രൂപയുടെ നഷ്ട്ടം കണക്കാക്കുന്നുണ്ട്.

കനത്ത കാറ്റിലും മഴയിലും ഇരിട്ടി,ആറളം മേഖലയിലും വൻ നാശനഷ്ടമുണ്ടായി.പായത്തെ എം.കെ രാജന്റെ വീട് മരം വീണു ഭാഗികമായി തകർന്നു.പായം മുക്കിൽ അരക്കൻ കൃഷ്ണന്റെ വീടിന്റെ മേൽക്കൂര മരം വീണു പൂർണ്ണമായും തകർന്ന നിലയിലാണ്.പ്രദേശത്ത് വൻ തോതിൽ കൃഷിനാശവുമുണ്ടായി.ആറളം പഞ്ചായത്തിലെ വളയംകോട്ടെ പാറത്തോട്ടിയിൽ സുകുമാരൻ,ആറളത്തെ ടോമി ഇടവേലിൽ,ലക്ഷ്മണൻ എന്നിവരുടെ വാഴക്കൃഷി പൂർണ്ണമായും നശിച്ചു. കോളിക്കടവിൽ ഓലയോടത്ത് ഷാജിയുടെ കിണർ പൂർണ്ണമായും ഇടിഞ്ഞു താണു.മരം വീണതിനെ തുടർന്ന് ഈ പ്രദേശത്തു വൈദ്യുത ബന്ധവും താറുമാറായിരിക്കുകയാണ്.

കനത്ത മഴയിലും കാറ്റിലും തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് മുകളിൽ മരം വീണു.ഒരു കാർ തകർന്നു.മൂന്നുകാറുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.മാലൂരിൽ ഓടുന്ന ബസ്സിന്‌ മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണതിനെ തുടർന്ന് സ്വകാര്യ ബസ്സിന്റെ ചില്ലുകൾ തകർന്നു.തിങ്കളാഴ്ച രാത്രി തൃക്കടാരിപ്പൊയിലിൽ നിന്നും മട്ടന്നൂരിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.കയറ്റം കയറുന്നതിനിടെ മരത്തിന്റെ കൊമ്പ് പൊട്ടി ബസ്സിനുമേൽ പതിക്കുകയായിരുന്നു.ഡ്രൈവർ ബസ് പെട്ടെന്ന് പിറകോട്ടെടുത്തതിനാൽ വൻ അപകടം ഒഴിവായി.നിസ്സാരപരിക്കേറ്റ ബസ് ഡ്രൈവർ സുബിൻ കൂത്തുപറമ്പ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

ചാല കട്ടിങ്ങിൽ റെയിൽവേ ട്രാക്കിൽ മരം വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം സ്തംഭിച്ചു.ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം.ഈ സമയം ട്രെയിനുകൾ ഒന്നും കടന്നുപോവാതിരുന്നതിനാൽ അപകടം ഒഴിവായി.സംഭവത്തെ തുടർന്ന് ചണ്ടീഗഡ് എക്സ്പ്രസ് എടക്കാടും മംഗള എക്സ്പ്രസ് തലശ്ശേരിയിലും കുർള എക്സ്പ്രസ് മാഹിയിലും ഹാപ്പ എക്സ്പ്രസ് വടകര സ്റ്റേഷനിലും പിടിച്ചിട്ടു.കണ്ണൂരിൽ നിന്നും അഗ്നിശമനസേനയെത്തി മരം മുറിച്ചുനീക്കിയതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.കണ്ണൂർ എസ്എൻ പാർക്കിനു സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് മുകളിൽ മരം കടപുഴകി വീണു.ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം.ലോറിയുടെ പുറകുവശത്താണ് മരം വീണത്.അപകട സമയത്ത് ഡ്രൈവർ ക്യാബിനിലുണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് വണ്ടിയിൽ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.കണ്ണൂർ കല്ലിക്കോടൻ കാവിനു മുൻപിലുള്ള കൂറ്റൻ അരയാൽ മരവും കാറ്റിൽ കടപുഴകി വീണു.ക്ഷേത്രത്തിന്റെ എതിർവശത്തേക്കാണ് മരം വീണതെങ്കിലും വേരും മണ്ണും ഉൾപ്പെടെയുള്ള ഭാഗം ഉയർന്നതോടെ ക്ഷേത്രത്തിനും കേടുപാടുകൾ സംഭവിച്ചു.

Previous ArticleNext Article