ന്യൂഡൽഹി:രാജ്യത്ത് കനത്ത മഴയിലും ഇടിമിന്നലിലും 42 പേർ മരിച്ചു.യു.പി,ഡൽഹി, തെലങ്കാന,ആന്ധ്രാപ്രദേശ്,ബംഗാൾ എന്നിവിടങ്ങളുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് മരണം.മരങ്ങളും വൈദ്യുതി തൂണുകളും മറിഞ്ഞുവീണാണു അപകടങ്ങള്‍ കൂടുതലും. മിക്കയിടത്തും റോഡ്, റെയില്‍,വ്യോമ ഗതാഗതങ്ങള്‍ തടസ്സപ്പെട്ടു.ശക്തമായ കാറ്റിനെ തുടർന്ന് ഉത്തർപ്രദേശിൽ പതിനെട്ടും ഡൽഹിയിൽ രണ്ടും പേർ മരിച്ചു.മിന്നലേറ്റ് ബംഗാളിൽ 12 പേരും ആന്ധ്രായിൽ ഒൻപതുപേരും തെലങ്കാനയിൽ മൂന്നുപേരും മരിച്ചു.വിവിധ സംസ്ഥാനങ്ങളിലായി നിരവധിപേർക്ക് പരിക്കേറ്റിട്ടുമുണ്ട്.ഉത്തർപ്രദേശിലെ ഖാസ്ഗഞ്ച്, ആഗ്ര, ഗാസിയാബാദ്, ഗ്രേറ്റർ നോയിഡ എന്നിവിടങ്ങളിലാണ് കൊടുങ്കാറ്റും പേമാരിയും കൂടുതൽ നാശം വിതച്ചത്. തുടർച്ചയായി പെയ്യുന്ന മഴയിലും ആഞ്ഞടിക്കുന്ന പൊടിക്കാറ്റിലും ഡൽഹിയിൽ മരങ്ങൾ കടപുഴകി, ഗതാഗതം തടസപ്പെട്ടു. ഡൽഹി വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.70 വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നിരവധി സർവീസുകൾ അനിശ്ചിതമായി വൈകുകയാണ്.50-70 കിലോമീറ്റർ വേഗതയിലാണ് ഇവിടെ കാറ്റു വീശിയത്. ആന്ധ്രാപ്രദേശിന്റെ തീരപ്രദേശങ്ങളായ ശ്രീകാകുളം, വിശാഖപട്ടണം,എന്നിവിടങ്ങളിലും അന്തപുരമു,ചിറ്റൂർ,കഡപ്പ,റായലസീമ എന്നിവിടങ്ങളിലും കനത്ത മിന്നലും മഴയുമുണ്ടായി.ശ്രീകാകുളത്ത് മിന്നലേറ്റ് ഏഴുപേരും കഡപ്പയിൽ രണ്ടുപേരും മരിച്ചു.ബംഗാളിൽ ശക്തമായ മിന്നലിലും മഴയിലും 12 പേർ മരിച്ചു.അടുത്ത 72 മണിക്കൂറിൽ ശക്തമായ മഴയും കാറ്റും മിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ഓറഞ്ച് വിഭാഗത്തിലുള്ള മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.ഈ മുന്നറിയിപ്പ് മേഖലയിൽ ഉള്ളവർ അടിയന്തിര സാഹചര്യം നേരിടാൻ ഇപ്പോഴും സജ്ജരായിരിക്കണം എന്നതാണ് ഓറഞ്ച് മുന്നറിയിപ്പ്കൊണ്ട് അർഥമാക്കുന്നത്.