തിരുവനന്തപുരം:സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിന്റെ ആദ്യഘട്ടമായ ഇന്ന് അഞ്ചു ജില്ലകളിൽ പോളിങ് പുരോഗമിക്കുന്നു.വോട്ടെടുപ്പ് തുടങ്ങി ഏഴര മണിക്കൂര്‍ പിന്നിടുമ്പോൾ പോളിംഗ് ശതമാനം 55 കടന്നു. അഞ്ച് ജില്ലകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് ഭൂരിപക്ഷം ബൂത്തുകളിലും ദൃശ്യമായത്. ചിലയിടങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടിംഗ് തടസപ്പെട്ടു.സമീപകാല തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ റെക്കോഡ് പോളിംഗാണ് തെക്കന്‍ ജില്ലകളില്‍ രേഖപ്പെടുത്തുന്നത്. നഗരസഭകളിലും മുന്‍സിപ്പാലിറ്റികളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ്. ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം ആലപ്പുഴയിലാണ്. രാവിലെ പോളിംഗ് അല്‍പ്പം മന്ദഗതിയിലായിരുന്നെങ്കിലും ഇടുക്കിയാണ് പോളിംഗ് ശതമാനത്തില്‍ രണ്ടാം സ്ഥാനത്ത്. ഏറ്റവും കുറവ് തിരുവനന്തപുരത്താണ്. വോട്ടെടുപ്പിനിടെ രണ്ട് വോട്ടര്‍മാര്‍ കുഴഞ്ഞു വീണ് മരിച്ചു. പത്തനംതിട്ട നാറണമൂഴി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ വോട്ട് ചെയ്യാനെത്തിയ പുതുപ്പറമ്പിൽ മത്തായി, ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പളളി പഞ്ചായത്തില്‍ മഹാദേവികാട് സ്വദേശിയായ ബാലന്‍ എന്നിവരാണ് മരിച്ചത്.
മാസ്‌കും സാനിറ്റൈസറും പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ ഉപയോഗിച്ചെങ്കിലും സാമൂഹിക അകലം പലയിടത്തും പാലിക്കാനായില്ല.അഞ്ച് ജില്ലകളിലായി 24,584 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 88,26,620 വോട്ടർമാർ ആദ്യ ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തും. 318 ഗ്രാമപഞ്ചായത്തുകളിലും 50 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പറേഷനുകളിലും 20 മുനിസിപ്പാലിറ്റികളിലും അഞ്ച് ജില്ലാ പഞ്ചായത്തുകളിലുമാണ് ഇന്ന് വോട്ടെടുപ്പ്. ഇന്നലെ മുതല്‍ കോവിഡ് സ്ഥിരീകരിച്ചവര്‍ ഇന്ന് ആറ് മണിക്ക് ശേഷം പോളിങ് ബൂത്തില്‍ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തണം. പോളിങ് നടക്കുന്ന 11225 ബൂത്തുകളും അണുവിമുക്തമാക്കി. പോളിങിന്‍റെ ചുമതലയുള്ള 56122 ഉദ്യോഗസ്ഥരും ബൂത്തുകളുടെ ചുമതല ഏറ്റെടുത്തു. 16968 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. അഞ്ച് ജില്ലകളിലെ 1722 പ്രശ്നബാധിത ബൂത്തുകളിലും പ്രത്യേകം പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.