തിരുവനന്തപുരം:തിരുവനന്തപുരം: തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ മുങ്ങി കേരളം.സംസ്ഥാനത്തെ 33 ഡാമുകള്‍ തുറന്നതോടെ നദികള്‍ നിറഞ്ഞു കവിഞ്ഞ അവസ്ഥയിലാണ്. സംസ്ഥാനത്താകെ 39 അണക്കെട്ടുകളാണ് ഉള്ളത്.ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. നേരത്തെ 12 ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. മഴ കനത്തതോടെ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളില്‍ വ്യാഴാഴ്ച വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിരുന്നു. ഇതിന് ശേഷം സംസ്ഥാന വ്യാപകമായി റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയയിരുന്നു. ഓഗസ്റ്റ് 9ന് ആരംഭിച്ച കനത്ത മഴയെ തുടര്‍ന്ന് ഇതുവരെ 42 മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏഴു പേരെ കാണാതായി. 14 പേര് മുങ്ങി മരിച്ചപ്പോള്‍ 26 പേര് മണ്ണിടിച്ചിലിലാണ് മരണമടഞ്ഞത്. വീട് തകര്‍ന്നും മരം വീണും ഓരോരുത്തര് മരിച്ചു. 34 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 345 വീടുകള്‍ പൂര്‍ണമായും 4588 വീടുകള്‍ ഭാഗികമായും തകര്‍ന്നു.അണക്കെട്ടുകള്‍ പലതും തുറക്കുന്നതിനാല്‍ പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുവാന് സാധ്യതയുണ്ട്. അതിനാല്‍ പുഴകളിലും ചാലുകളിലും വെള്ളകെട്ടിലും ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്താതിരിക്കുവാന്‍ ശ്രദ്ധിക്കണം.പമ്പ അണക്കെട്ട് തുറന്നതും ശക്തമായ മഴയും പമ്പ നദിയില്‍ വെള്ളപ്പൊക്കത്തിന് കാരണമായി.പമ്പ തീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രത നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. റാന്നി ടൗണ്‍, ഇട്ടിയപ്പാറ, വടശേരിക്കര, ആറന്മുള സത്രക്കടവ് തുടങ്ങിയ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഒഡീഷ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കേരളത്തിലെ കനത്ത മഴയക്ക് കാരണം. ഇന്ന് വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമായി എട്ട് ജില്ലകളില്‍ ശക്തമായി മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുകയാണ്.സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന എല്ലാവര്ക്കും സര്‍ക്കാര്‍ സഹായമെത്തിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി അറിയിച്ചു. ഇടുക്കിയിലെ സ്ഥിഗതികള്‍ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്തെ ജലസംഭരണികളെല്ലാം തുറന്നുവിടേണ്ട അസാധാരണ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. സാധ്യമായ എല്ലാം മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും എല്ലാ സഹായവും സര്‍ക്കാര്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala, News
പ്രളയക്കെടുതി രൂക്ഷം;സംസ്ഥാനത്തൊട്ടാകെ റെഡ് അലർട്ട് പ്രഖ്യാപിച്ചു
Previous Articleകനത്ത മഴയിൽ ഇരിട്ടി മേഖലയിൽ നാലിടത്ത് ഉരുൾപൊട്ടി