തിരുവനന്തപുരം:സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ്.രാവിലെ 11 മണി മുതൽ വൈകിട്ട് 3 വരെ വെയിൽ കൊള്ളുന്നത് ഒഴിവാക്കണം.തെരഞ്ഞെടുപ്പ് കാലമായതിനാൽ പൊതുപ്രവർത്തകർ ഉൾപ്പെടെ ശ്രദ്ധിക്കണം.നേരിട്ടുള്ള സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ കുടയോ, തൊപ്പിയോ ഉപയോഗിക്കാം.ദാഹമില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കിൽ നിർജലീകരണം മൂലം വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും.കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പാക്കണം.65 വയസിന് മുകളിൽ പ്രായമുള്ളവർ, കുട്ടികൾ, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവർ, കഠിന ജോലികൾ ചെയ്യുന്നവർ എന്നിവർക്ക് പ്രത്യേക കരുതലും സംരക്ഷണവും ആവശ്യമാണ്. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് തോന്നിയാൽ ഉടൻ ചികിത്സ തേടണമെന്നും നിർദേശിക്കുന്നു.നിര്ജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്‌റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. ഒ.ആര്‍.എസ്, ലെസ്സി, ബട്ടര്‍ മില്‍ക്ക്, നാരങ്ങാവെള്ളം തുടങ്ങിയവ കുടിക്കുന്നത് നല്ലതാണ്.അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്‌ത്രങ്ങള്‍ ധരിക്കുക.ചൂട് പരമാവധിയില്‍ എത്തുന്ന നട്ടുച്ചക്ക് പാചകത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കണം.ഇരു ചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്തു സുരക്ഷിതരാണെന്ന് അതാത് സ്‌ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്‌ത്രധാരണം നടത്താന്‍ നിര്‍ദ്ദേശം നല്‍കുകയും അതുപോലെ ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്‌പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.നിര്‍മാണ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍ തുടങ്ങി പുറം വാതില്‍ ജോലിയില്‍ ഏര്‍പ്പെടുന്നവരും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവരും ജോലി സമയം ക്രമീകരിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ചെയ്യേണ്ടതാണ്. പി.എസ്.സി പരീക്ഷകളില്‍ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് കുടിവെള്ള ലഭ്യത പരീക്ഷ കേന്ദ്രങ്ങളില്‍ ഉറപ്പാക്കണം.ക്ലാസുകള്‍ ആരംഭിച്ച വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പാക്കേണ്ടതും ക്ലാസ് മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായതിനാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. കഠിനമായ ചൂട് മാനസിക പിരിമുറുക്കം വര്‍ധിപ്പിക്കാനുള്ള സാധ്യതയുണ്ട്.