കൊച്ചി:ഓടുന്ന വാഹനത്തിൽ നടിയെ പീഡിപ്പിച്ച കേസിൽ വിചാരണ നടപടികള്‍ ആരംഭിച്ചു.എറണാകുളം സി.ബി.ഐ കോടതിയിലെ വനിതാ ജഡ്ജിയാണ് കേസില്‍ വിചാരണ നടത്തുന്നത്.അടുത്തമാസം അഞ്ചിന് കേസില്‍ പ്രാഥമിക വാദം കേള്‍ക്കും.എറണാകുളം സി.ബി.ഐ പ്രത്യേക കോടതി ജഡ്ജ് ഹണി എം. വർഗീസാണ് പ്രാഥമിക വാദത്തിനായി കേസ് ഏപ്രില്‍ അഞ്ചിലേക്ക് മാറ്റിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലുണ്ടായിരുന്ന ഫയലുകള്‍ സി.ബി.ഐ കോടതി ഇന്ന് പരിശോധിച്ചു. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈകോടതി നിര്‍ദേശിച്ച സാഹചര്യത്തിലാണ് നടപടികള്‍ വേഗത്തിലാക്കുന്നത്.വിചാരണക്ക് വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ യുവനടി തന്നെയാണ് ഹൈകോടതിയെ സമീപിച്ചത്.മുഖ്യപ്രതി പൾസർ സുനിയെന്ന സുനിൽകുമാറടക്കം എട്ട് പ്രതികൾ ഇന്ന് എറണാകുളം സിബിഐ കോടതിയിൽ ഹാജരായി. അതേസമയം കേസിൽ പ്രതിയും നടനുമായ ദിലീപ് ഇന്ന് ഹാജരായില്ല. മുഴുവൻ പ്രതികളോടും അടുത്ത മാസം അഞ്ചിന് ഹാജരാവാൻ പറഞ്ഞിട്ടുണ്ട്. അതിന് ശേഷമാണ് വിചാരണ ഏത് വിധത്തിൽ വേണമെന്ന് നിശ്ചയിക്കുക.