Kerala, News

സ്പോർട്സിലൂടെ ആരോഗ്യം;’സാഹസിക മാസം’ പദ്ധതിയുമായി ജില്ലാ ഭരണകൂടം

keralanews health through sports district administration is with the month of adventure

കണ്ണൂർ: സ്പോർട്സിലൂടെ പൊതുസമൂഹത്തിന്‍റെ കായികക്ഷമത വർധിപ്പിക്കുക,ജീവിത ശൈലീ രോഗങ്ങൾ കുറയ്ക്കുക എന്നീ ലക്ഷ്യത്തോടെ സാഹസിക മാസം പദ്ധതിയുമായി ജില്ലാ ഭരണകൂടം. പദ്ധതിക്ക് ഈ മാസം ആറിന് തുടക്കമാകും.ആറാം തീയതി മുതലുള്ള നാല് ഞായറാഴ്ചകളിൽ ജനകീയ പങ്കാളിത്തത്തോടെ സൈക്കിൾ റാലി, മാരത്തണ്‍, കയാക്കിംഗ്, നീന്തൽ എന്നീ കായിക വിനോദ പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ജില്ലാ കളക്‌ടർ മിർ മുഹമ്മദ് അലി പത്രസമ്മേളനത്തിൽ അറിയിച്ചു.വ്യായാമവും മാനസികോല്ലാസവും കോർത്തിണക്കി ജനസമൂഹത്തെ ഒരുമിപ്പിക്കുന്നതാണ് പദ്ധതി.ആറാം തീയതി കണ്ണൂർ മുതൽ മുഴപ്പിലങ്ങാട് വരെ നടക്കുന്ന സൈക്കിൾ യജ്ഞത്തോടെയാണ് സാഹസികമാസത്തിന് തുടക്കമാവുക. സൈക്കിളുമായി വരുന്ന ആർക്കും സൈക്കിൾ സവാരിയിൽ പങ്കെടുക്കാം.മുഴപ്പിലങ്ങാട് ബീച്ചിൽ മൂന്നു കിലോമീറ്റർ സൈക്കിൾ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ജില്ലാ സ്പോർട്സ് കൗണ്‍സിലിന്‍റെ സഹകരണത്തോടെയാണ് സൈക്കിൾ സവാരി സംഘടിപ്പിക്കുക.പതിമൂന്നാം തീയതി തലശ്ശേരിയിൽ സംഘടിപ്പിക്കുന്ന ഹെറിറ്റേജ് മാരത്തണ്‍ ആണ് സാഹസിക മാസം പദ്ധതിയിലെ രണ്ടാമത്തെ പരിപാടി. 1.5 കിലോമീറ്ററായിരിക്കും ഇതിന്‍റെ ദൈർഘ്യം.തലശേരി കോട്ട, തിരുവങ്ങാട് ക്ഷേത്രം, ഗുണ്ടർട്ടിന്‍റെ പ്രതിമ, സെന്‍റ് പാട്രിക്സ് ചർച്ച് തുടങ്ങിയ പൈതൃകസ്മാരകങ്ങളിൽ സെൽഫി പോയിന്‍റുകളും ഒരുക്കും. 200 രൂപയാണ് മാരത്തണിന്‍റെ ഫീസ്. മൂന്നാമത്തെ ഞായറാഴ്ചയായ ഇരുപതാം തീയതി നീന്തൽപ്രേമികൾക്കായി വളപട്ടണം പുഴയിൽ പറശിനി ക്രോസ് എന്ന പേരിൽ നീന്തൽ മത്സരം സംഘടിപ്പിക്കും. പറശിനിക്കടവിൽ നിന്നാരംഭിക്കുന്ന നീന്തൽ മത്സരം വളപട്ടണം പുഴയിൽ അവസാനിക്കും.570 മീറ്റർ വീതിയുള്ള പറശിനി ക്രോസ്’ വിജയകരമായി പൂർത്തിയാക്കുന്നവർക്ക്  ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്‍സിൽ സർട്ടിഫിക്കറ്റും നൽകും.നീന്തൽ പരിശീലനത്തിനുള്ള അവസരവും അന്നേ ദിവസം ഉണ്ടാവും.പദ്ധതിയുടെ അവസാന ദിവസമായ ഇരുപത്തിയേഴാം തീയതി ഞായറാഴ്ച പയ്യന്നൂരിനടുത്തുള്ള കവ്വായി പുഴയിൽ കയാക്കിങ് യജ്ഞം സംഘടിപ്പിക്കും.കവ്വായിയിലെ ടൂറിസം സാധ്യതകൾ മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഇവിടെ പരിപാടി സംഘടിപ്പിക്കുന്നത്.ഈ പരിപാടികൾക്ക് പുറമെ പദ്ധതിയുടെ ഭാഗമായി ‘ഗിഫ്റ്റ് എ സൈക്കിൾ’ എന്ന പരിപാടിയും സംഘടിപ്പിക്കും.പ്രിയപ്പെട്ടവർക്കും അർഹതപ്പെട്ടവർക്കും സൈക്കിൾ ദാനം ചെയ്യാൻ വ്യക്തികൾക്കും സംഘടനകൾക്കും അവസരമൊരുക്കുന്ന ഈ പരിപാടി മേയ് നാലിനു ജില്ലാ കളക്‌ടർ ഉദ്ഘാടനം ചെയ്യും.ഓരോ ഞായറാഴ്ചകളിലും രാവിലെ മുതൽ സജീവമാകുന്ന പരിപാടികളിൽ കേരളത്തിൽ എവിടെനിന്നും എത്തുന്നവർക്കും പങ്കെടുക്കാം.പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹമുള്ളവർക്ക് ഡിറ്റിപിസിയിലും www.wearekannur.com എന്ന വെബ്സൈറ്റിലും രജിസ്റ്റർ ചെയ്യാം.പരിപാടിയെ കുറിച്ചുള്ള സംശയങ്ങൾക്ക് 9645454500 എന്ന ഫോൺ നമ്പറിലും ബന്ധപ്പെടാം.

Previous ArticleNext Article