തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനത്തോത് കുറയുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ജനുവരി ആദ്യ ആഴ്ചയില്‍ 45 ശതമാനവും രണ്ടാം ആഴ്ചയില്‍ 148 ശതമാനവും മൂന്നാം ആഴ്ചയില്‍ 215 ശതമാനവും ആയി കേസുകള്‍ വര്‍ധിച്ചിരുന്നു. എന്നാല്‍ നാലാം ആഴ്ചയില്‍ 71 ശതമാനമായി കുറഞ്ഞിരുന്നു. ജനുവരി 28 മുതല്‍ ഫെബ്രുവരി മൂന്ന് വരെയുള്ള കണക്കനുസരിച്ച് 10 ശതമാനമായി കുറഞ്ഞുവെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഐസിയു, വെന്റിലേറ്റര്‍ ഉപയോഗവും കുറഞ്ഞിട്ടുണ്ട്. നിലവില്‍ 3,66,120 കോവിഡ് കേസുകളില്‍ 2.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ചികിത്സയിലുണ്ടായിരുന്നതില്‍ 0.9 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 0.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നതെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം സംസ്ഥാനത്ത് കൊവിഡ് ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. തിരുവനന്തപുരം, പത്തനംതിട്ട , കോട്ടയം, ഇടുക്കി ജില്ലകളിലാണ് കൂടുതല്‍ ഇളവുകള്‍.സി കാറ്റഗറിയിലുള്ള കൊല്ലം ജില്ലയില്‍ കര്‍ശന നിയന്ത്രണം തുടരും. നാളെ സംസ്ഥാന വ്യാപകമായി ലോക്ഡൗണിന് സമാനമായ നിയന്ത്രണവും ഉണ്ടാകും.സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിലാണ് ഇളവുകള്‍ നല്‍കിയത്. 10, 11, 12 ക്ലാസുകളും കോളേജുകളും തിങ്കളാഴ്ച മുതല്‍ തുറക്കും. ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകാര്‍ക്ക് സ്‌കൂള്‍ തുറക്കുന്നത് ഈ മാസം 14 നാണ്. അതിന് മുന്നോടിയായി മുന്നോരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശം വിദ്യാഭ്യാസമന്ത്രി സ്‌കൂളുകള്‍ക്ക് നല്‍കി.ഞാറാഴ്ചത്തെ ലോക്ഡൗണിന് സമാനമായ നിയന്ത്രണം നാളെയും തുടരും. അടുത്ത അവലോകന യോഗത്തില്‍ മാത്രമാകും ഞാറാഴ്ചത്തെ നിയന്ത്രണം മാറ്റുന്നതില്‍ തീരുമാനമുണ്ടാകുക. അതേസമയം നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളും അന്താരാഷ്ട്ര യാത്രികരും കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്ന് സര്‍കാര്‍ നിര്‍ദേശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.