Kerala, News

കോവിഡ് ബാധിച്ച്‌ മരിക്കുന്നവരുടെ മൃതദേഹം കൈകാര്യം ചെയ്യാന്‍ പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന ആരോഗ്യവകുപ്പ്

keralanews health department released new guidelines to handle deadbodies of persons died of covid
തിരുവനന്തപുരം:കോവിഡ് ബാധിച്ച്‌ മരിക്കുന്നവരുടെ മൃതദേഹം കൈകാര്യം ചെയ്യാന്‍ പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന ആരോഗ്യവകുപ്പ്.പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്‌ അടുത്ത ബന്ധുക്കള്‍ക്ക് ഐസൊലേഷന്‍ വാര്‍ഡിലും മോര്‍ച്ചറിയിലും സംസ്‌കാര സ്ഥലത്തുവച്ചും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മൃതദേഹം കാണാവുന്നതാണ്.കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് പ്രാദേശികവും മതാചാര പ്രകാരമുള്ളതുമായ അത്യാവശ്യ ചടങ്ങുകള്‍ നടത്താനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.കോവിഡ് രോഗി മരണപ്പെട്ടാല്‍ ജീവനക്കാര്‍ മൃതദേഹം വൃത്തിയാക്കുന്ന സമയത്ത് ആവശ്യപ്പെടുകയാണെങ്കില്‍ ഒരു അടുത്ത ബന്ധുവിനെ അവിടെ പ്രവേശിക്കാന്‍ അനുവദിക്കും.പ്രതീകാത്മകമായരീതിയില്‍ മതപരമായ പുണ്യജലം തളിക്കാനും വെള്ള തുണി കൊണ്ട് പുതയ്ക്കാനും അദ്ദേഹത്തെ അനുവദിക്കും. അതേസമയം മൃതദേഹം യാതൊരു കാരണവശാലും സ്പര്‍ശിക്കാനോ കുളിപ്പിക്കാനോ ആലിംഗനം ചെയ്യാനോ അന്ത്യ ചുംബനം നല്‍കാനോ അനുവദിക്കില്ല. മൃതദേഹം വൃത്തിയാക്കിയ ശേഷം അടുത്ത ബന്ധുക്കള്‍ക്ക് ഐസൊലേഷന്‍ വാര്‍ഡില്‍ വച്ച്‌ മൃതദേഹം കാണാന്‍ അനുവദിക്കും.ചിതാഭസ്മം ശേഖരിക്കാനും അനുവാദമുണ്ട്.രോഗബാധ സംശയിച്ചുളള മരണമായാലും മൃതദേഹം വിട്ടുനല്‍കാന്‍ കാലതാമസം ഉണ്ടാകരുത്. സ്രവം പരിശോധനയ്ക്ക് എടുത്ത ശേഷം പ്രോട്ടോകോള്‍ പാലിച്ച്‌ സംസ്‌കരിക്കാന്‍ നിര്‍ദേശം നല്‍കി മൃതദേഹം വിട്ടു നല്‍കണമെന്നും പുതിയ നിര്‍ദേശത്തില്‍ ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
അജ്ഞാതരായ കോവിഡ് രോഗികള്‍ മരിച്ചാലോ മരിച്ചവരുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുക്കാന്‍ തയാറാകാതിരിക്കുകയോ ചെയ്താല്‍ കൃത്യമായ നടപടി സ്വീകരിച്ച ശേഷം മരിച്ച ആളുടെ മതവിശ്വാസ പ്രകാരമുളള സംസ്‌കാര ചടങ്ങുകള്‍ നടത്താമെന്നും പുതിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ മൃതദേഹം എംബാം ചെയ്യാന്‍ അനുവദിക്കില്ല. കോവിഡ് ബാധിച്ചുളള മരണങ്ങളില്‍ പോസ്റ്റുമോര്‍ട്ടം കഴിവതും ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി. പോസ്റ്റുമോര്‍ട്ടം ചെയ്യുകയാണെങ്കില്‍ അണുബാധ നിയന്ത്രണത്തില്‍ പരിശീലനം നേടിയ ഫോറന്‍സിക് ഡോക്ടര്‍മാര്‍ ആണ് ചെയ്യേണ്ടത്.
Previous ArticleNext Article