കണ്ണൂര്‍: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ ജില്ലയില്‍ സമ്പർക്കത്തിലൂടെ കൊറോണ ബാധിച്ചതില്‍ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്. രോഗബാധിതരുടെ സമ്പർക്കപ്പട്ടികയോ റൂട്ട് മാപ്പോ കൃത്യമായ തയാറാക്കാനോ സാധിച്ചിട്ടില്ല. കഴിഞ്ഞ 11 ദിവസത്തിനിടെ ജില്ലയിൽ സമ്പർക്കം വഴി 21 പേര്‍ക്കാണ് അസുഖം ബാധിച്ചത്.ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ കോഴിക്കോട് ജില്ലയിലായതിനാല്‍ ഇവരെ കോഴിക്കോട് ജില്ലയിലെ രോഗികളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ അസുഖം ബാധിച്ച് മരിച്ച ധര്‍മ്മടം സ്വദേശിനി ആയിഷയ്ക്ക് രോഗബാധയുണ്ടായത് എങ്ങനെയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.ഇവരുടെ രണ്ട് മക്കള്‍ തലശ്ശേരി മത്സ്യ മാര്‍ക്കറ്റില്‍ മൊത്തക്കച്ചവടം നടത്തുന്നവരാണ്. ഇവർക്ക് സ്രവപരിശോധന നടത്തി രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ നിന്നാകാം ആയിഷയ്ക്ക് രോഗബാധയുണ്ടായതെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം.എന്നാല്‍, മത്സ്യമാര്‍ക്കറ്റില്‍ മറ്റാര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മാര്‍ക്കറ്റിലെത്തിയ ലോറിത്തൊഴിലാളികളില്‍ നിന്ന് അസുഖ ബാധയുണ്ടായിരിക്കാമെന്ന നിഗമനത്തിലെത്തുമ്പോഴും ഇതിലും വ്യക്തതയില്ല.പ്രസവചികിത്സയ്ക്കായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 24 വയസുകാരിക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് പ്രത്യേക സംഘം അന്വേഷിക്കുന്നുവെങ്കിലും ഇതുവരെ സ്രോതസ്സ് കണ്ടെത്താനായിട്ടില്ല.ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. രോഗപ്പകര്‍ച്ചയുടെ സ്രോതസ്സ് വ്യക്തമാകാത്ത സാഹചര്യത്തില്‍ പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും ഡിഎംഒ ഓഫീസിലെ ഉദ്യോഗസ്ഥരുമടങ്ങുന്ന അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു.ആരോഗ്യ പ്രവര്‍ത്തകനും ചികിത്സയ്‌ക്കെത്തിയ ആള്‍ക്കും രോഗബാധയുണ്ടായതോടെ ജില്ലാ ആശുപത്രി സൂപ്രണ്ട്, ആര്‍എംഒ, നാല് ഡോക്ടര്‍മാര്‍, ഒരു ഹെഡ് നഴ്‌സ് എന്നിവര്‍ ഇപ്പോള്‍ പ്രത്യേക നിരീക്ഷണത്തിലാണ്.