Kerala, News

പത്താംക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്‌സ്‌ആപ് ഗ്രൂപ്പില്‍; ഹെഡ്മാസ്റ്ററെ സസ്‌പെൻഡ് ചെയ്തു

keralanews headmaster suspended for posting question paper of tenth standard in whatsapp group

പത്തനംതിട്ട:കഴിഞ്ഞ ദിവസം നടന്ന പത്താംക്ലാസ്സ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ പരീക്ഷ തുടങ്ങി അരമണിക്കൂറിനുള്ളില്‍ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ഇട്ടതിന് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍. മുട്ടത്തുകോണം എസ്‌എന്‍ഡിപി എച്ച്‌എസ്‌എസിലെ ഹെഡ്മാസ്റ്റര്‍ എസ്. സന്തോഷിനെയാണ് സസ്‌പെൻഡ് ചെയ്തത്. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ ഹെഡ്മാസ്റ്റര്‍മാരുടെ ഗ്രൂപ്പിലേക്കാണ് ചോദ്യപേപ്പര്‍ പോസ്റ്റുചെയ്തത്. പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ ഇന്നലെ വൈകുന്നേരം പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തു.ഡിഇഒ അടക്കമുള്ള ഉദ്യോഗസ്ഥരും എസ്‌എസ്‌എല്‍സി പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള അധ്യാപകരും അടക്കം 126 പേരടങ്ങുന്ന ഗ്രൂപ്പില്‍ ചോദ്യപേപ്പര്‍ ഇന്നലെ രാവിലെ പത്തരയോടെയാണ് എത്തിയത്. പരീക്ഷ ആരംഭിച്ചെങ്കിലും ഇതു പൂര്‍ത്തിയാക്കി നിശ്ചിതസമയം കഴിഞ്ഞ് കുട്ടികള്‍ പുറത്തിറങ്ങുമ്പോൾ മാത്രമേ സാധാരണ നിലയില്‍ ചോദ്യം പുറത്താകുകയുള്ളൂ. എന്നാല്‍ ഔദ്യോഗിക ഗ്രൂപ്പിലൂടെ കുട്ടികള്‍ പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ ചോദ്യപേപ്പര്‍ പുറത്തുവന്നു. ഇത്‌സംബന്ധിച്ച്‌ അപ്പോള്‍ത്തന്നെ അന്വേഷണവും ആരംഭിച്ചു.ഔദ്യോഗിക ചുമതലയുള്ള പ്രഥമാധ്യാപകന്‍ ഇത്തരത്തില്‍ ചോദ്യപേപ്പര്‍ പുറത്തേക്കു നല്‍കുന്നത് എസ്‌എസ്‌എല്‍സി പരീക്ഷയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന വിഷയമാണെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. ഡിഡിഇയില്‍ നിന്ന് ഇതു സംബന്ധിച്ച വിശദീകരണം പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി തേടിയിരുന്നു. തുടര്‍ന്നാണ് ഹെഡ്മാസറ്ററെ സസ്പെന്‍ഡ് ചെയ്തത്. തുടര്‍ അന്വേഷണം വിദ്യാഭ്യാസ വകുപ്പ് നേരിട്ടു നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Previous ArticleNext Article