Kerala, News

ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞ് താക്കോലുമായി കടന്നു;പാപ്പിനിശ്ശേരി മേൽപ്പാലത്തിൽ ഗതാഗത തടസ്സം

keralanews hartal supporters blocked vehicles and removed the keys traffic interrupted in pappinisseri overbridge

കണ്ണൂർ:പൗരത്വ ഭേദഗതി ബില്ലിനെതിരെ ഇന്നലെ സംയുക്ത സമര സമിതി നടത്തിയ ഹർത്താലിനിടെ ഹർത്താലനുകൂലികൾ വാഹങ്ങൾ തടഞ്ഞു നിർത്തി താക്കോലുമായി കടന്നു കളഞ്ഞതിനെ തുടർന്ന് പാപ്പിനിശ്ശേരി മേൽപ്പാലത്തിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇതോടെ പാലത്തിൽ കുടുങ്ങി.മേൽപ്പാലം അവസാനിക്കുന്നയിടത്ത് കല്ലുകൾ കൂട്ടിയിട്ടാണ് പ്രതിഷേധക്കാർ ഗതാഗതം തടസ്സപ്പെടുത്തിയത്.തുടർന്ന് ചരക്ക് ലോറി തടഞ്ഞ സംഘം ഡ്രൈവറോട് ലോറി റോഡിന് കുറുകെ ഇടാൻ ആവശ്യപ്പെട്ടു.ആന്ധ്രാ സ്വദേശിയായ ഡ്രൈവർ ഇതനുസരിച്ചു.തുടർന്ന് ലോറിയുടെ താക്കോൽ ഊരിയെടുത്ത് സംഘം പോയി.പിന്നാലെ കോഴിക്കോട് ഭാഗത്തേക്ക് കല്ല് കയറ്റി പോവുകയായിരുന്ന ലോറികളും ഇതേ രീതിയിൽ തടഞ്ഞ് താക്കോലുമായി സംഘം കടന്നു.വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും അക്രമി സംഘത്തെ പിടികൂടാനോ താക്കോലുകൾ കണ്ടെടുക്കാനോ സാധിച്ചില്ല.പാലത്തിൽ ആദ്യം തടഞ്ഞ ലോറിയിൽ ഗ്രാനൈറ്റടക്കം 35 ടണ്ണോളം സാധനങ്ങളാണ് ഉണ്ടായിരുന്നത്.പോലീസ് ഖലാസികളെ എത്തിച്ച് ലോറി നീക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.പിന്നീട് വർക്ക് ഷോപ്പിൽ നിന്നും വിദഗ്ദ്ധരെ എത്തിച്ച് പിന്നിൽ നിന്നും മറ്റൊരു ചരക്ക് ലോറി കെട്ടിവലിച്ചാണ് വൈകുന്നേരം മൂന്നു മണിയോടെ ലോറികൾ മാറ്റിയത്.ഹർത്താലനുകൂലികൾ പാപ്പിനിശ്ശേരി ഭാഗത്ത് രാവിലെ മുതൽ ഗതാഗതതടസ്സം സൃഷ്ടിച്ചിരുന്നു.പതിനഞ്ചോളം പേർ ഇരുചക്ര വാഹനങ്ങളിൽ കറങ്ങിയാണ് ഗതാഗതം തടസ്സപ്പെടുത്തിയത്.അനിഷ്ടസംഭവങ്ങളുമായി ബന്ധപ്പെട്ട് നാലുപേരെ പാപ്പിനിശ്ശേരിയിൽ നിന്നും പോലീസ് പിടികൂടി.

Previous ArticleNext Article