ഇടുക്കി:മൂന്നാർ കയ്യേറ്റങ്ങൾക്കെതിരെ റെവന്യൂ,വനം വകുപ്പ് അധികൃതർ സ്വീകരിച്ചു വരുന്ന നടപടികളിൽ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിലെ പത്തു പഞ്ചായത്തുകളിൽ മൂന്നാർ സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു.ഹർത്താലിനിടെ ചിലയിടങ്ങളിൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.രാവിലെ വിദേശ വിനോദ സഞ്ചാരികളുമായി എത്തിയ വാഹനം തടഞ്ഞ് നിർത്തി ഹർത്താലനുകൂലികൾ ഡ്രൈവറെ മർദിച്ചതായി പരാതിയുണ്ട്. ഇതിന്റെ ദൃശ്യം പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകരുടെ വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി.സർവീസ് നടത്താൻ ശ്രമിച്ച കെഎസ്ആർടിസി ബസുകളെ തടഞ്ഞ് നിർത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയത് മൂലം ഗതാഗതവും സ്തംഭിച്ചു.സോഡാക്കുപ്പിയും മറ്റും റോഡിൽ പൊട്ടിച്ചിട്ട് ഗതാഗത തടസ്സം സൃഷ്ട്ടിച്ചിരിക്കുകയാണ്. കയ്യേറ്റക്കാർക്ക് വേണ്ടിയാണ് സിപിഎം ഹർത്താൽ നടത്തുന്നതെന്ന നിലപാടിൽ സിപിഐയും കോൺഗ്രസ്സും ഹർത്താലിനെ അനുകൂലിക്കുന്നില്ല.