India, International, News

ഹർനാസ് സന്ധു വിശ്വസുന്ദരി; രണ്ട് പതിറ്റാണ്ടിനുശേഷം ഇന്ത്യയിലേക്ക് വിശ്വസുന്ദരിപ്പട്ടം

keralanews harnas sandhu miss universe after two decades miss world title to india

എയ്‌ലാറ്റ്: 2021ലെ വിശ്വസുന്ദരി കിരീടം ഇന്ത്യക്കാരിയായ ഹർനാസ് സന്ധുവിന്.21 വർഷങ്ങൾക്ക് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലെത്തുന്നത്.പഞ്ചാബ് സ്വദേശിനിയാണ് 21 കാരിയായ ഹർനാസ് സന്ധു.ഇസ്രയേലിലെ എയ്‌ലെറ്റിലായിരുന്നു 70ാമത് വിശ്വസുന്ദരി മത്സരം നടന്നത്.ഫൈനലിൽ പരാഗ്വയുടേയും ദക്ഷിണാഫ്രിക്കയുടേയും സുന്ദരികളെ പിന്തള്ളിയാണ് ഹർനാസിന്റെ കിരീടനേട്ടം. 2020തിലെ മുൻ വിശ്വസുന്ദരിയായ ആൻഡ്രിയ മെസ ഹർനാസിനെ കിരീടം ചൂടിച്ചു. 2000ത്തിൽ ലാറ ദത്തയാണ് ഈ നേട്ടം അവസാനമായി സ്വന്തമാക്കിയത്. 1994ൽ സുസ്മിത സെന്നിനാണ് ഇന്ത്യയിൽ നിന്നും വിശ്വസുന്ദരി പട്ടം ആദ്യമായി ലഭിക്കുന്നത്. 80 രാജ്യങ്ങളിൽ നിന്നുള്ളവർ മത്സരത്തിൽ പങ്കെടുത്തിരുന്നു.2017-ലാണ് ഹർനാസ് മോഡലിങ് രംഗത്തേക്ക് കടന്നു വരുന്നത്. പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ് ഹർനാസ്. 2019ലെ മിസ് ഇന്ത്യ വിജയിയാണ്. രണ്ട് പഞ്ചാബ് ചിത്രങ്ങളിലും ഇവർ അഭിനയിച്ചിട്ടുണ്ട്.

രണ്ട് ചോദ്യങ്ങളാണ് മത്സരത്തിൽ ഹർനാസിന് നേരിടേണ്ടി വന്നത്.സമ്മർദ്ദങ്ങളെ അതിജീവിക്കാൻ ഇന്നത്തെ സ്ത്രീകൾക്ക് നൽകുന്ന സന്ദേശമെന്താണെന്നതായിരുന്നു ആദ്യത്തെ ചോദ്യം. ‘അവനവനിൽ തന്നെ വിശ്വസിക്കാനാണ് ഓരോ സ്ത്രീയും പഠിക്കേണ്ടത്. ഓരോ വ്യക്തിയും പ്രത്യേകതകൾ ഉള്ളവരാണ്.അതുകൊണ്ട് മറ്റുള്ളവരുമായി താരതമ്യം ഒഴിവാക്കുക.നിങ്ങളെപ്പോലെ വേറെ ആരുമില്ല എന്ന് തിരിച്ചറിയുന്നത് തന്നെ നിങ്ങളെ സുന്ദരിയാക്കും.ലോകത്തിൽ നടക്കുന്ന കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് നമുക്ക് സംസാരിക്കാം.നമുക്ക് വേണ്ടി ശബ്ദിക്കാൻ നാം മാത്രമാണ് ഉള്ളതെന്ന് മനസിലാക്കണം. നിങ്ങളുടെ ശബ്ദം നിങ്ങൾ മാത്രമാവുക.ഞാൻ എന്നിൽ വിശ്വസിച്ചു. അതുകൊണ്ടാണ് ഇന്ന് ഈ വേദിയിൽ നിൽക്കുന്നത്’ എന്നായിരുന്നു ഹർനാസിന്റെ ഉത്തരം.കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചായിരുന്നു രണ്ടാമത്തെ ചോദ്യം. കാലാവസ്ഥാ വ്യതിയാനം എന്നത് ഒരു വ്യാജവാദമാണെന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്താണ് നിങ്ങളുടെ പ്രതികരണം എന്നതായിരുന്നു ചോദ്യം. വാചകമടിയെക്കാൾ പ്രകൃതിക്ക് വേണ്ടി പ്രവർത്തിക്കണമെന്നും, തനിക്കാവുന്നതെല്ലാം താൻ ചെയ്യുമെന്നുമായിരുന്നു ഹർനാസിന്റെ മറുപടി.

Previous ArticleNext Article