തിരുവനന്തപുരം:സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിയുടെ ഭാഗമായി കേരളത്തിലെ കൈത്തറി മേഖലക്ക് 40.26 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഇതില്‍നിന്നും നെയ്ത്തു തൊഴിലാളികള്‍ക്ക് നല്‍കാനുള്ള കൂലിയിനത്തില്‍ 21.19 കോടി രൂപ കൈത്തറി ഡയറക്ടര്‍ അതാതു ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍മാര്‍ക്ക് നല്‍കി. ഇന്നും നാളെയുമായി തുക തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കും.അടുത്ത അധ്യയന വര്‍ഷത്തേക്ക് 42 ലക്ഷം മീറ്റര്‍ തുണി നെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് കൈത്തറി മേഖലയില്‍ നടക്കുന്നത്. ഇതിനു 108 കോടി രൂപയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി ഡിസൈന്‍ ചെയ്ത ബ്രാന്‍ഡഡ് തുണിത്തരങ്ങള്‍ കൈത്തറിയില്‍ നെയ്‌തെടുത്തു വിപണിയില്‍ എത്തിക്കും. ഹാന്‍ടെക്‌സ് മുഖേന പ്രീമിയം കൈത്തറി ഉല്‍പ്പന്നങ്ങള്‍ ആധുനിക രീതിയില്‍ തയ്യാറാക്കി വിപണനം നടത്താനും പദ്ധതിയുണ്ട്. കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിയോടൊപ്പം ഇതര കൈത്തറി ഉല്‍പ്പന്നങ്ങളും മാര്‍ക്കറ്റില്‍ ആവശ്യത്തിന് ലഭ്യമാക്കാനും തൊഴിലാളികള്‍ക്ക് പൂര്‍ണമായും തൊഴില്‍ നല്‍കാനും ഇതുവഴി കഴിയുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു.