എറണാകുളം: കോവിഡ് രോഗിയുടെ മൃതദേഹം ഇല്ലാതെ സ്വകാര്യ ആശുപത്രി അധികൃതര്‍ പെട്ടി മാത്രമായി കുടുംബത്തിന് കൈമാറി.കോതാട് സ്വദേശി പ്രിന്‍സ് സിമേന്തിയുടെ മൃതദേഹം കൈകാര്യം ചെയ്തതിലാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിക്ക് ഗുരുതര വീഴ്ച സംഭവിച്ചത്. മൃതദേഹം ഇല്ലാതെ പെട്ടി മാത്രമായി ബന്ധുക്കള്‍ക്ക് നല്‍കുകയായിരുന്നു. പള്ളി സെമിത്തേരിയില്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്.പനിയെ തുടര്‍ന്ന് പ്രിന്‍സിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് മൃതദേഹം അടക്കം ചെയ്യാന്‍ വീട്ടുകാര്‍ പെട്ടി ആശുപത്രിയിലെത്തിച്ചു. വൈകിട്ട് തിരുഹൃദയ ദേവാലയത്തില്‍ സംസ്കാരത്തിന് മുൻപ് തുറന്നപ്പോഴാണ് പെട്ടിയില്‍ മൃതദേഹമില്ലെന്നറിഞ്ഞത്. ആശുപത്രിയിലെത്തി വീട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം കണ്ടെത്തി. ഇവിടെ രണ്ടുപേര്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നതായും, മൃതദേഹം വയ്ക്കാത്ത പെട്ടിയാണ് പി.പി.ഇ കിറ്റ് ധരിച്ചെത്തിയ പ്രിന്‍സിന്റെ സുഹൃത്തുക്കള്‍ ഏറ്റെടുത്തതെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ മൃതദേഹം വയ്ക്കാതെ പെട്ടി കൊടുത്തുവിട്ടത് ആശുപത്രി അധികൃതരുടെ വീഴ്ചയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.