Kerala, News

ഹാദിയയ്ക്ക് സ്വാതന്ത്ര്യം;മെഡിക്കൽ പഠനം തുടരാൻ കോടതി അനുമതി നൽകി

keralanews hadiya was granted permission to continue medical education

ന്യൂഡൽഹി:ഹാദിയയ്ക്ക് സ്വാതന്ത്ര്യം അനുവദിച്ചു കൊണ്ടും മെഡിക്കൽ പഠനം തുടരാൻ അനുമതി നൽകിക്കൊണ്ടും കോടതി വിധി പ്രഖ്യാപിച്ചു.അതേസമയം ഹാദിയയ്ക്ക് അച്ഛനൊപ്പമോ  ഭർത്താവിനൊപ്പമോ പോകാൻ കോടതി അനുമതി നൽകിയിട്ടില്ല.തത്കാലത്തേക്കു പഠനം പൂർത്തിയാക്കാൻ നിർദേശം നൽകിയ കോടതി, ഡൽഹിയിൽനിന്നു നേരെ സേലത്തെ മെഡിക്കൽ കോളജിലേക്കു പോകാനും വിധിച്ചു. സ്വാതന്ത്ര്യം ഹാദിയയുടെ അവകാശമാണെങ്കിലും തത്കാലം അതിന് നിവൃത്തിയില്ലെന്നും കോടതി പറഞ്ഞു.ഹാദിയയുടെ പഠനം പൂർത്തിയാക്കാൻ മെഡിക്കൽ കോളജ് അധികൃതർ സൗകര്യമൊരുക്കണം. ഹാദിയയ്ക്കു താമസിക്കാൻ സേലത്തെ ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തണം. ഇതിന്‍റെ ചെലവുകൾ കേരള സർക്കാർ വഹിക്കണം.സർവകലാശാല ഡീനിനെ ഹാദിയയുടെ രക്ഷാകർത്താവായി കോടതി ചുമതലപ്പെടുത്തി.കോളജ് ഹോസ്റ്റലിലേക്കു പോകുന്നതുവരെ ഹാദിയ ഡൽഹി കേരള ഹൗസിൽ തുടരണം. കഴിഞ്ഞ പതിനൊന്നു മാസമായി കടുത്ത മാനസിക പീഡനം അനുഭവിച്ചുവരികയാണെന്നു കോടതിയിൽ പറഞ്ഞ ഹാദിയ തന്നെ ഡൽഹിയിലെ സുഹൃത്തുക്കളുടെ അടുത്തു പോകാൻ അനുവദിക്കണമെന്ന് കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. കൂടാതെ രക്ഷാകർത്താവായി ഭർത്താവിനെ ചുമതലപ്പെടുത്തണമെന്നും കോടതിയിൽ ആവശ്യപ്പെട്ടു.എന്നാൽ ഈ ആവശ്യം കോടതി തള്ളി. സർക്കാർ ചിലവിൽ പഠനം പൂർത്തിയാക്കാൻ ആഗ്രഹമുണ്ടോയെന്നും ലോക്കൽ ഗാർഡിയനെ ഏർപ്പെടുത്താമെന്നും കോടതി പറഞ്ഞു. എന്നാൽ തന്‍റെ ഭർത്താവിന് പഠനചിലവ് വഹിക്കാൻ കഴിയുമെന്നും അങ്ങനെ പഠിക്കാനാണ് താത്പര്യമെന്നും ഹാദിയ കോടതിയെ അറിയിക്കുകയായിരുന്നു.

Previous ArticleNext Article