ന്യൂഡൽഹി:ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയിൽ.ഹാദിയയുമായുള്ള തന്റെ വിവാഹം റദ്ദ് ചെയ്തുകൊണ്ടുള്ള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള കൊല്ലം സ്വദേശി ഷെഫിൻ ജഹാന്റെ ഹർജിയാണ് സുപ്രീം കോടതി പ്രധാനമായും പരിഗണിക്കുക. കഴിഞ്ഞ തവണ കേസ് പരിഗണിച്ച സുപ്രീം കോടതി ഹാദിയയെ പഠനത്തിനായി സേലത്തെ ശിവരാജ് മെഡിക്കൽ കോളേജിലേക്ക് അയച്ചിരുന്നു.അതിനു ശേഷം ഇന്നാണ് കോടതി കേസ് പരിഗണിക്കുന്നത്. ദേശീയശ്രദ്ധ ആകര്‍ഷിച്ച കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നത്. ഹാദിയയുടെ ഇപ്പോഴത്തെ സ്ഥിതി കോടതി ആരാഞ്ഞേക്കും. കേസുമായി ബന്ധപ്പെട്ട് എൻഐഎ അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. വിവാഹ വെബ്‌സൈറ്റിലൂടെയാണ് ഷെഫിൻ ജഹാനെ കണ്ടെത്തിയതെന്ന് ഹാദിയയുടെ മൊഴി തെറ്റാണെന്നു സ്ഥാപിക്കുന്നതാണ് എൻഐഎയുടെ പുതിയ കണ്ടെത്തൽ. ഹാദിയ പറഞ്ഞ വിവാഹ വെബ്സൈറ്റ് പണം നൽകുന്നവർക്ക് മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ എന്നും വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് ഷെഫിൻ ഈ സൈറ്റിൽ അക്കൗണ്ട് തുടങ്ങിയതെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്.