കാസർകോഡ്: പെരിയയിലെ ജവഹർ നവോദയ വിദ്യാലയത്തിൽ ആറു കുട്ടികളടക്കം ഏഴുപേർക്ക് എച്ച് വണ്‍ എന്‍ വണ്‍ പനി സ്ഥിതീകരിച്ചു.കാസർകോഡ് ജില്ലക്കാരായ ആറു വിദ്യാർത്ഥികൾക്കും ഒരു സ്ത്രീ വാർഡനുമാണ് പനി സ്ഥിതീകരിച്ചത്.ഒരു കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മറ്റു കുട്ടികൾക്കായി വിദ്യാലയത്തിൽ തന്നെ പ്രത്യേക വാർഡും തുടങ്ങി.രോഗലക്ഷണം പ്രകടിപ്പിച്ച 41 ആൺകുട്ടികളും 35 പെൺകുട്ടികളും നിരീക്ഷണത്തിലാണ്.ആകെ 520 വിദ്യാർത്ഥികളാണ് ഇവിടെയുള്ളത്.അതിൽ 18 പേർ ഉത്തർപ്രദേശിൽ നിന്നുള്ളവരും ബാക്കിയുള്ളവർ കേരളത്തിൽ നിന്നുള്ളവരുമാണ്.സ്കൂൾ ജീവനക്കാരും കുടുംബങ്ങളുമടക്കം എഴുനൂറോളംപേർ കോംബൗണ്ടിൽ താമസിക്കുന്നുണ്ട്. രണ്ടാഴ്ച മുൻപാണ് കുട്ടികൾക്ക് രോഗലക്ഷണങ്ങൾ പ്രകടമായത്.ജലദോഷപ്പനി പോലെ പിടിപെട്ട രോഗം പിന്നീട് കൂടുതൽ കുട്ടികളിലേക്ക് വ്യാപിക്കുകയായിരുന്നു.വിരൽ പനിയാണെന്ന നിഗമനത്തെ തുടർന്ന് ആറു കുട്ടികളുടെ തൊണ്ടയിലെ സ്രവം മണിപ്പാൽ കസ്തൂർബാ വൈറോളജി ഇൻസ്റ്റിട്യൂട്ടിൽ അയച്ച് പരിശോധിച്ചപ്പോഴാണ് എച് 1 എൻ 1 ആണെന്ന് സ്ഥിതീകരിച്ചത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.സ്കൂളിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്.എല്ലവരോടും മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.വീട്ടുകാരിലേക്ക് രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് രോഗം ബാധിക്കാത്ത വിദ്യാർത്ഥികളെ വീട്ടിലേക്ക് വിടില്ലെന്നും അധികൃതർ അറിയിച്ചു. രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ നവോദയ സ്‌കൂളിലെ രക്ഷിതാക്കളുടെ യോഗം ഇന്ന് ചേരാന്‍ തീരുമാനമായി. താലൂക്ക് ഓഫീസിലാണ് യോഗം.