ഗുരുവായൂർ: പാർഥസാരഥി ക്ഷേത്രം വീണ്ടും മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തു. ഇന്നുപുലർച്ചെ നാലരയോടെ മലബാർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ടി.സി. ബിജു, മാനേജർ പി. ശ്രീകുമാർ എന്നിവർ പോലീസ് സംരക്ഷണയോടെ ക്ഷേത്രത്തിൽ എത്തിയാണ് ചുമതലയേറ്റത്. ക്ഷേത്ര ഭരണസമിതി നിയോഗിച്ചിരുന്ന മാനേജരിൽ നിന്ന് ഭണ്ഡാരത്തിന്റെയും ക്ഷേത്ര ലോക്കറിന്റെയും താക്കോലുകളും 53,000 രൂപയും ഏറ്റുവാങ്ങിയാണ് എക്സിക്യൂട്ടീവ് ഓഫീസർ ചുമതലയേറ്റെടുത്തത്.ഹൈക്കോടതി വിധിയെ തുടർന്ന് സെപ്റ്റംബർ 21ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ക്ഷേത്രം ഏറ്റെടുക്കാൻ എത്തിയിരുന്നെങ്കിലും ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലുള്ള ഹിന്ദു സംഘടനകൾ ഇവരെ തടയുകയും സംഘർഷാവസ്ഥ ഉണ്ടാകുകയും ചെയ്തിരുന്നു.ഇതിനെ തുടർന്ന് വീണ്ടും മലബാർ ദേവസ്വം ബോർഡ് കോടതിയെ സമീപിക്കുകയും ഉത്തരവ് നേടുകയും ചെയ്യുകയായിരുന്നു.സംഘർഷാവസ്ഥ ഉണ്ടാകുമെന്ന് കരുതിയാണ് പുലർച്ചെയെത്തി ചുമതലയേറ്റത്.മൂന്ന് ഡിവൈഎസ്പിമാർ, ആറ് സിഐമാർ, തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നാനൂറോളം പോലീസ് സംഘം ജലപീരങ്കി ഉൾപ്പടെ സർവസന്നാഹത്തോടെ ക്ഷേത്രപരിസരത്ത് ക്യാമ്പ് ചെയ്തിരിക്കുകയാണ്.