പഞ്ചകുള:ബലാത്സംഗക്കേസില്‍ ജയിലിലായ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെതിരെയുള്ള വിധി വരുന്നതിന് മുന്നെ അക്രമം നടത്താന്‍ അനുയായികള്‍ക്ക് ഗുര്‍മീത് അഞ്ച് കോടി രൂപ നല്‍കിയെന്ന് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍.ദെയ്ര സച്ചയുടെ പഞ്ചകുള വിഭാഗം തലവന്‍ ചംകൗര്‍ സിങ് ആണ് പണം സ്വീകരിച്ചതും അത് ആവശ്യാനുസരണം അണികള്‍ക്ക് വിതരണം ചെയ്തതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.ഹൈക്കോടതി നിര്‍ദേശ പ്രകാരം ചംകൗര്‍ സിങിനെതിരെ ഓഗസ്ത് 28 ന് രാജ്യദ്രോഹ കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും ഇയാള്‍ കൂടുംബസമേതം ഒളിവില്‍ കഴിയുകയുമാണ്. പഞ്ചകുളയ്ക്ക് പുറമെ കലാപമുണ്ടാക്കാനായി പഞ്ചാബിലെ പല സ്ഥലങ്ങളിലും ദെയ്ര സച്ച പ്രവര്‍ത്തകര്‍ക്കായി ഗുര്‍മീത് പണമൊഴുക്ക് നടത്തിയെന്നും പറയുന്നു.ഇതിന് പുറമെ കലാപത്തിനിടെ ജീവന് നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കുമെന്ന വാഗ്ദാനം നടത്തിയതായും വെളിപ്പെടുത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ ചംകൗറിന്റെ അറസ്റ്റിനോടെ വെളിപ്പെടുമെന്നും ഇയാളെ പിടികൂടാനായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും ഹരിയാന ഡിജിപി ബി.എസ് സന്ധു പറഞ്ഞു.അക്രമത്തില്‍ 31 പേര്‍ക്ക് ജിവന് നഷ്ടപ്പെടുകയും തീവണ്ടിയടക്കം തീവെച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു.