Kerala, News

കൊയിലാണ്ടിയില്‍ പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണം; ആക്രമണം നടത്തിയത് പ്രണയിച്ചു വിവാഹം കഴിച്ചയാള്‍ക്കെതിരെ;വരനും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ അടിച്ചു തകർത്തു

keralanews gunda attack in koyilandi car destroyed

കോഴിക്കോട്:കൊയിലാണ്ടിയില്‍ പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണം.പ്രണയിച്ചു വിവാഹം കഴിച്ചവര്‍ക്കെതിരെയാണ് ഗുണ്ടകള്‍ ആക്രമണം നടത്തിയത്. പട്ടാപ്പകല്‍ കാര്‍ തടഞ്ഞു നിര്‍ത്തിയായിരുന്നു ആക്രമണം.ആറംഗ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗുണ്ടാ സംഘത്തിന്റെ പക്കല്‍ വടിവാള്‍ ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍ ഉണ്ടായിരുന്നു.കോഴിക്കോട് കൊയിലാണ്ടിയില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്. മുഹമ്മദ് സ്വാലിഹ് എന്ന കൊയിലാണ്ടി സ്വദേശിയായ യുവാവ് ഒരു പെണ്‍കുട്ടിയെ പ്രണയിച്ച്‌ വിവാഹം കഴിച്ചിരുന്നു.ബന്ധുക്കളുടെ കടുത്ത എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ രജിസ്റ്റര്‍ വിവാഹമായിരുന്നു നടത്തിയത്.പെണ്‍കുട്ടിയുടെ അമ്മാവന്മാരായ കബീര്‍, മന്‍സൂര്‍ എന്നിവരാണ് യുവാവിന് നേരെ ആക്രമണം നടത്തിയത്. നാട്ടുകാര്‍ നോക്കി നില്‍ക്കവേയായിരുന്നു പെണ്‍കുട്ടിയുടെ അമ്മാവന്മാരുടെ അഴിഞ്ഞാട്ടം. ഇവര്‍ വടിവാള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങളുമായി എത്തി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും വരന്‍ സഞ്ചരിച്ച കാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തത്. കാറിലുള്ളവരെ ആക്രമിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. കയ്യില്‍ വടിവാളുമായാണ് ഇവര്‍ സ്വാലിഹിനെ വഴിവക്കില്‍ കാത്തുനിന്നത്. പ്രദേശത്തുണ്ടായിരുന്ന നാട്ടുകാരില്‍ച്ചിലരെത്തി തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇവര്‍ വണ്ടിയുടെ വശങ്ങളിലെ ചില്ലുകളും തല്ലിപ്പൊളിച്ച്‌ അകത്തിരിക്കുന്നവരെ ആക്രമിക്കാന്‍ ശ്രമിക്കുന്നതായി വീഡിയോ ദൃശ്യങ്ങളിൽ കാണാം. ആക്രമണത്തിൽ നിന്നും രക്ഷപെടാൻ കാര്‍ മുന്നോട്ടെടുക്കാന്‍ ഡ്രൈവര്‍ ശ്രമിക്കുന്നുണ്ടെങ്കിലും, അതിനിടയില്‍ പിന്നിലെ ചില്ലും ഇവര്‍ തല്ലിത്തകര്‍ത്തു.സംഭവത്തിൽ ഇന്നലെ പരാതി നല്‍കിയിട്ടും പൊലീസ് വ്യക്തമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ തന്നെ ആരോപിക്കുന്നുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, അക്രമികള്‍ക്ക് എതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് റൂറല്‍ എസ്‌പി ഡോ. ശ്രീനിവാസ് പ്രതികരിച്ചു. അതേസമയം പ്രതികളെ അറസ്റ്റു ചെയ്യുന്നതില്‍ പൊലീസ് വീഴ്‌ച്ച വരുത്തിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Previous ArticleNext Article