കൂത്താട്ടുകുളം: കൂത്താട്ടുകുളത്തുള്ള പെട്രോൾ പമ്പിലെ ജീവനക്കാരനെ ഓട്ടോ ഡ്രൈവറും കൂട്ടാളികളും ചേർന്ന് വധിക്കാൻ ശ്രമിച്ചു. പാഡ്സൺ ട്രേഡേഴസിലെ ജീവനക്കാരനായ അമൽ ദിവാകരനാണ് ക്രൂരമായ മർദ്ദനമേറ്റത്. തലക്കും കഴുത്തിന് പുറകിലും സാരമായി പരിക്കേറ്റ അമലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് രണ്ടരയോടെ ഡീസൽ നിറക്കാനായി പമ്പിൽ വന്ന ഓട്ടോയുടെ ഫ്യൂവൽ ടാങ്ക് നിറഞ്ഞതിനെ തുടർന്ന് അല്പം പുറത്തേക്ക് ഒഴികിയപ്പോൾ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവർ ഡിസ്പെസിങ്ങ് യൂണിറ്റിൽ നിന്നും വലിച്ചെടുത്ത നോസിലിന്റെ ലോഹ ഭാഗം കൊണ്ട് അതി ക്രൂരമായ രീതിയിൽ അമലിന്റെ തലക്ക് അടിക്കുകയായിരുന്നു. ഡ്രൈവരുടെ കൂട്ടാളി ജീവനക്കാരന്റെ കൈകൾ പുറകിലേക്ക് പിടിച്ച് വച്ച ശേഷമാണ് മർദ്ദനം.കൂത്താട്ടുകുളം പോലീസ് 4 പേരെ പ്രതികളാക്കി കേസെടുത്തു.KL 32 E 4648 എന്ന ഓട്ടോറിക്ഷയുടമയെയും മറ്റു പ്രതികളെയും കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ജീവനക്കാരന്റെ മാതാപിതാക്കളെ അസഭ്യം പറഞ്ഞ പ്രതിയോട് ജീവനക്കാരൻ വളരെ മാന്യമായി പെരുമാറിയിട്ടും ഉണ്ടായ ഈ അക്രമം നേരിൽ കണ്ട വനിതാ ജീവനക്കാരുൾപ്പടെയുള്ളവർ ഭയപാടിൽ നിന്നും ഇതുവരെ മോചിതരായിട്ടില്ല.
അടുത്ത കാലങ്ങളിൽ സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ സാമൂഹ്യ വിരുദ്ധരുടെ അക്രമം പകൽ സമയങ്ങളിൽ പോലും വളരെ കൂടിയിരിക്കുകയാണ്. ഏതാനും നാളുകൾക്ക് മുൻപ് മറ്റൊരു പെട്രോൾ പമ്പിനകത്ത് വെച്ച് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലുവാനുള്ള ശ്രമം ഞെട്ടലോടെയാണ് കേരളം കണ്ടത്. പെട്രോൾ പമ്പ് ജീവനക്കാരുടെ സംരക്ഷണം സർക്കാർ തന്നെ ഉറപ്പ് വരുത്തണമെന്ന ആവശ്യം പമ്പ്ജീവനക്കാർ പല തവണ ആവശ്യപ്പെട്ടതാണെങ്കിലും ഇതുവരെ കാര്യമായ നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.