India, News

പാക് കമാന്‍ഡോകള്‍ ഇന്ത്യയില്‍ നുഴഞ്ഞ് കയറിയതായി സംശയം;ഗുജറാത്ത് തീരത്ത് കനത്ത ജാഗ്രത നിർദേശം

keralanews gujarat on high alert as pakistani commandos enter gulf of kutch

ഗുജറാത്ത്:ഗുജറാത്തിലെ കച്ച്‌ മേഖലയിലൂടെ പാക്കിസ്ഥാന്‍ കമാന്‍ഡോകള്‍ നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഗുജറാത്തിലെ എല്ലാ തുറമുഖങ്ങള്‍ക്കും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.ഗുജറാത്തിലെ ഗള്‍ഫ് ഓഫ് കച്ച്‌, സര്‍ ക്രീക്ക് മേഖലയില്‍ കൂടി പാക് കാന്‍ഡോകളും ഭീകരരും നുഴഞ്ഞു കയറിയെന്നാണ് റിപ്പോര്‍ട്ട്.ആക്രമണ സാധ്യത കണക്കിലെടുത്ത് ഗുജറാത്തിലെ എല്ലാ തുറമുഖങ്ങളിലും സുരക്ഷ കര്‍ശനമാക്കിയതായി പോര്‍ട്ട് ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു. ഗുജറാത്തിലെ കച്ച്‌ മേഖലയിലുള്ള മുദ്ര, കാണ്ട്ല തുറമുഖങ്ങള്‍ക്കാണ് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.ഹറാമി നാലാ ഉള്‍ക്കടല്‍ വഴി ഇവര്‍ നുഴഞ്ഞു കയറിയെന്നാണ് സൂചന. ഇവിടെ രണ്ടു പാക്കിസ്ഥാനി ബോട്ടുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്ത സാഹചര്യത്തിലാണ് ബിഎസ്‌എഫ് ഇന്റലിജന്‍സ് ഏജന്‍സികളെ വിവരമറിയിച്ചത്.സിംഗിള്‍ എഞ്ചിന്‍ ബോട്ടുകളില്‍ പരിശോധന നടത്തിയെങ്കിലും പ്രദേശത്ത് നിന്നോ ബോട്ടുകളില്‍ നിന്നോ സംശയകരമായ സാഹചര്യത്തില്‍ ഒന്നും കണ്ടെത്തിയില്ല. കടല്‍ മാര്‍ഗ്ഗം ഗുജറാത്തിലെത്തുന്ന കമാന്‍ഡോകള്‍ വര്‍ഗീയ കലാപത്തിനും ഭീകരാക്രമണത്തിനും ശ്രമിച്ചേക്കുമെന്നാണ് സൂചന.അസാധാരണ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഗുജറാത്തിലെ മറൈന്‍ കണ്‍ട്രോള്‍ ബോര്‍ഡിനെ വിവരമറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല തീരപ്രദേശത്തും തീരത്തിന് അടുത്തും നങ്കൂരമിട്ടിരിക്കുന്ന എല്ലാ കപ്പലുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Previous ArticleNext Article