പത്തനംതിട്ട: നവകേരള മിഷന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിത കേരളം പദ്ധതി പൊതുസമൂഹം ഏറ്റെടുക്കേണ്ട വലിയ ദൗത്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ്. ഇരവിപേരൂര്‍ റൈസിന്റെ വിപണനോദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ ഭാഗമായി ജൈവ കൃഷി രീതി വ്യാപകമാക്കണം. കഴിയുന്നത്ര ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കണം. വരും തലമുറയ്ക്കായി ജലസംരക്ഷണം ഉറപ്പാക്കണം. കേരളം വലിയ വരള്‍ച്ചയെയാണ് അഭിമുഖീകരിക്കുന്നത്. മലകള്‍ ഇടിച്ചതും കുളങ്ങളും പാടങ്ങളും നികത്തിയതുംമൂലം ജലം സംരക്ഷിക്കുന്നതിനുള്ള സാധ്യതകള്‍ ഇല്ലാതായിരിക്കുകയാണ്. ഇതിനു പരിഹാരം കണ്ടെത്തണം.
ശുദ്ധമായ വായു, ജലം, മണ്ണ്, ഭക്ഷണം, ശുചിത്വമുള്ള നാട് എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഹരിതകേരളം മിഷന്‍ ഉപാധ്യക്ഷ ഡോ.ടി.എന്‍. സീമ പറഞ്ഞു. കൃഷിയുണ്ടെങ്കിലേ മണ്ണും ജലവും വായുവും നിലനില്‍ക്കുകയുള്ളൂ. ഇവയുടെ വീണ്ടെടുപ്പാണുണ്ടാകേണ്ടത്. ഇന്നലെ വരെ ചെയ്ത വലിയ തെറ്റുകള്‍ തിരുത്താനുള്ള അവസരമാണ് ഹരിതകേരളം മുന്നോട്ടു വയ്ക്കുന്നത്.