തിരുവനന്തപുരം: കുപ്പിവെള്ളത്തെ അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി ഓർഡിനൻസ് പുറപ്പെടുവിക്കാൻ സർക്കാർ ഒരുങ്ങുന്നു. ഭക്ഷ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടു. കുപ്പിവെള്ളം വിലകുറച്ചു വിൽക്കണമെന്ന തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടി. സംസ്ഥാനത്ത് വില്‍ക്കുന്ന കുപ്പിവെള്ളത്തിന്റെ വില ലിറ്ററൊന്നിന് 13 രൂപയാക്കി നിശ്ചയിക്കാനും തീരുമാനമായി. നേരത്തെ 12 രൂപയ്ക്കു വില്ക്കാന് കേരള ബോട്ടില്‍സ് വാട്ടര്‍ മാനുഫാക്ച്ചേഴ്സ് അസോസിയേഷന് സമ്മതിച്ചിരുന്നതാണ്. എന്നാല്‍ ഇന്ന് നടന്ന ചര്‍ച്ചയില്‍ കുപ്പിയുടെ വില കൂടിയെന്ന കാരണം അവര്‍ മന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ച് വില 15 രൂപ ആക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു. എന്നാല്‍ കുപ്പിവിലയില്‍ വന്ന നാമമാത്രമായ വിലവര്‍ദ്ധനവിന്റെ പേരില്‍ അത്രയും വില നിശ്ചയിക്കാന്‍ കഴിയില്ലെന്ന നിലപാട് മന്ത്രിയെടുത്തു. തുടര്‍ന്നാണ് 13 രൂപയ്ക്ക് വില്ക്കാന് അസോസിയേഷന് സമ്മതിച്ചത്.കേരളത്തിലെ കുപ്പിവെള്ള നിര്‍മ്മാതാക്കളാണ് ഇപ്പോഴും വില കുറയ്ക്കാന്‍ സമ്മതിച്ചത്. എന്നാല്‍ മറ്റ് കമ്പനികൾ ഇപ്പോഴും വില കുറയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല. അതുകൊണ്ട് കുപ്പിവെള്ളം ലിറ്ററിന് 13 രൂപയാക്കി നിശ്ചയിച്ചുകൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കും. എസന്‍ഷ്യല്‍ ആര്‍ട്ടിക്കിള്‍സ് കണ്ട്രോള് ആക്ടില്‍ കുപ്പിവെള്ളം കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാവും ഓര്‍ഡിനന്‍സ് പുറത്തിറക്കുക.