തിരുവനന്തപുരം: മേയ് ഒന്നുമുതല്‍ സെക്രട്ടേറിയറ്റിലും മറ്റെല്ലാ സര്‍ക്കാര്‍വകുപ്പുകളിലും ഓഫീസ് നടപടികള്‍ക്ക് മലയാളം നിര്‍ബന്ധമാക്കി. സര്‍ക്കുലറുകള്‍, കത്തിടപാടുകള്‍, ഫയല്‍ നടപടികള്‍, റിപ്പോര്‍ട്ടുകള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍ എന്നിവയെല്ലാം ഇനി മലയാളത്തിലായിരിക്കണം. വകുപ്പുമേധാവികളും ഓഫീസ് മേധാവികളും ഇക്കാര്യം ഉറപ്പുവരുത്തണം. ഭരണഭാഷാമാറ്റ നടപടികള്‍ മൂന്നുമാസത്തിലൊരിക്കല്‍ അവലോകനംചെയ്ത് വീഴ്ചവരുത്തുന്നവര്‍ക്കെതിരേ നടപടിസ്വീകരിക്കും.സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം നിയമം ബാധകമാണ്.
കേന്ദ്രസര്‍ക്കാര്‍, കേന്ദ്രസ്ഥാപനങ്ങള്‍, ഹൈക്കോടതി, സുപ്രീംകോടതി, ഇതരസംസ്ഥാനങ്ങള്‍, മറ്റുരാജ്യങ്ങള്‍ എന്നിവയുമായുള്ള കത്തിടപാടുകള്‍ക്ക് ഇംഗ്ലീഷ് ഉപയോഗിക്കാം. ഇംഗ്ലീഷ് ഉപയോഗിക്കണമെന്ന് നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കില്‍ നിബന്ധനയില്‍ നിന്നൊഴിവാക്കും. ഓഫീസ് മുദ്രകള്‍, ഉദ്യോഗസ്ഥരുടെ പേരും ഓദ്യോഗികപദവിയും അടങ്ങുന്ന തസ്തികമുദ്രകള്‍ എന്നിവ മലയാളത്തിലും തയ്യാറാക്കണം. സംസ്ഥാനത്തിനകത്തെ ആവശ്യത്തിന് മലയാളം മുദ്രകള്‍ ഉപയോഗിക്കണം.ഔദ്യോഗികഭാഷ മലയാളമാക്കി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് നിയമനിര്‍മാണം നടത്തിയത്. അതിന്റെ തുടര്‍ച്ചയായി 2015 ജനുവരി മുതല്‍ ഓദ്യോഗികഭാഷ മലയാളമാക്കി ഉത്തരവിറക്കിയെങ്കിലും പല വകുപ്പുകളും അത് പാലിക്കുന്നില്ല.