തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ദമ്ബതികളുടെ മക്കള്‍ക്ക് സ്ഥലവും വീടും 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മന്ത്രി കെകെ ശൈലജ.വീട് വെച്ചു നല്‍കി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കും. തുടര്‍പഠനം സാമൂഹിക നീതി വകുപ്പ് ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. നെയ്യാറ്റിന്‍കരയിലെ വീട്ടില്‍ കുട്ടികളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.ഇവരുടെ വിദ്യാഭ്യാസ- ജീവിത ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അഞ്ചു ലക്ഷം രൂപ വീതം അനുവദിക്കും. തുക രണ്ടുപേരുടെയും പേരില്‍ ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കാന്‍ തിരുവനന്തപുരം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. അതേസമയം രാജന്റെയും അമ്ബിളിയുടെയും മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം റൂറല്‍ എസ് പി അശോക് കുമാറിനാണ് അന്വേഷണ ചുമതല. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. ഇന്ന് തന്നെ സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം. രാജന്‍ താമസിക്കുന്ന വീടിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ജില്ലാകളക്ടര്‍ നവജ്യോത് ഖോസ മറ്റൊരു അന്വേഷണത്തിന് ഉത്തരവിട്ടു. നെയ്യാറ്റിന്‍കര തഹസീല്‍ദാറിനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ ഭൂമിയില്‍ അയല്‍വാസി വസന്ത ഉന്നയിക്കുന്ന അവകാശ വാദത്തിന്റെ നിജസ്ഥിതി പരിശോധിക്കാനാണ് കളക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്.