തിരുവനന്തപുരം:അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന 1800 സ്കൂളുകൾ അടുത്ത അധ്യയന വർഷം മുതൽ സർക്കാർ അടച്ചുപൂട്ടാനൊരുങ്ങുന്നു.വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് തീരുമാനം.ഇത്തരം സ്കൂളുകൾ അടച്ചുപൂട്ടാൻ കഴിഞ്ഞ വർഷം എടുത്ത തീരുമാനം ഇത്തവണ കർശനമായി നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം.എന്നാൽ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സ്കൂൾ മാനേജ്മെന്റുകൾ.വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് അംഗീകാരമില്ലാത്ത സ്കൂളുകൾ പ്രവർത്തിക്കാൻ പാടില്ല.ഇങ്ങനെ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഒരുലക്ഷം രൂപ പിഴ ചുമത്തും.തുടർന്ന് പ്രവർത്തിക്കുന്ന ഓരോ ദിവസവും 10000 രൂപ വീതവും പിഴയായി അടക്കണം.അതേസമയം അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അംഗീകാരം നല്കാൻ മാനദണ്ഡം അനുസരിച്ച് കഴിഞ്ഞ അധ്യയന വർഷം സർക്കാർ അപേക്ഷ ക്ഷണിച്ചിരുന്നു.മൂന്നു ഏക്കർ സ്ഥലം,കഴിഞ്ഞ അഞ്ചുവർഷമായി ശരാശരി 300 കുട്ടികൾ,സ്ഥിരം കെട്ടിടം,യോഗ്യതയുള്ള അദ്ധ്യാപകർ എന്നിവയാണ് മാനദണ്ഡങ്ങൾ.ഇതിൽ അപേക്ഷിച്ച 3400 സ്കൂളുകളിൽ യോഗ്യതയുള്ള 900 എണ്ണത്തിന് അംഗീകാരം നൽകിയിരുന്നു.