തിരുവനന്തപുരം:ക്വാറന്റൈൻ ചെലവ് കുറയ്ക്കാന്‍ വീടുകളും ക്വാറന്റീന്‍ കേന്ദ്രങ്ങളാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.ഇതോടെ ഇനി മുതല്‍ വിദേശത്തു നിന്നെത്തുന്നവര്‍ക്ക് ആദ്യ ഏഴ് ദിവസം വീടുകളില്‍ തന്നെ കഴിയാം.വിദേശത്ത് നിന്നെത്തുന്നവര്‍ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയണമെന്ന വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചതോടയാണ് പ്രവാസികള്‍ക്ക് വിദേശത്ത് നിന്നെത്തുന്നതിന് പിന്നാലെ വീട്ടിലേക്ക് പോകാന്‍ അവസരം ഒരുങ്ങിയത്.ജില്ലാ ഭരണകൂടമോ തദ്ദേശസ്ഥാപനമോ അംഗീകരിച്ച വീടുകളോ വാസയോഗ്യമായ കെട്ടിടങ്ങളോ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീന്‍ കേന്ദ്രങ്ങളായി പരിഗണിക്കാമെന്നാണു ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവ്. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. വിദേശങ്ങളില്‍ നിന്നെത്തുന്നവരെ ഇതുപ്രകാരം വീടുകളിലേക്ക് അയച്ചു തുടങ്ങി. വിദേശത്തു നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഒരുക്കുന്നത് വഴി സര്‍ക്കാരിന് വന്‍ ബാധ്യതയാണ് ഉണ്ടാകുന്നത്. ഹോട്ടലുകളിലും മറ്റും ക്വാറന്റൈന്‍ ഒരുക്കിയതോടെ ഒരാള്‍ക്ക് ഒരു ദിവസം 2000ത്തിന് മുകളില്‍ രൂപയാണ് സര്‍ക്കാരിന് ചെലവാകുന്നത്. ബെഡ്ഷീറ്റും കിടക്കയും മറ്റ് അവശ്യ സാധനങ്ങളും അടക്കം ഓരോരുത്തരും മാറുന്നതിന് അനുസരിച്ച് മാറ്റി നല്‍കുകയും വേണമായിരുന്നു. എന്നാല്‍ വീടുകളില്‍ ക്വാറന്റീന്‍ അനുവദിക്കുന്നതോടെ സര്‍ക്കാരിന്റെ ചെലവും കുറയും.