തിരുവനന്തപുരം:സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി മുതൽ ശനിയാഴ്ച്ചകളിലും പ്രവര്‍ത്തിക്കും.കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച ഒഴിവു നല്കിയ തീരുമാനം പിന്‍വലിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് ഇറങ്ങും. ശനിയാഴ്ച അവധി അവസാനിപ്പിക്കാന്‍ പൊതുഭരണവകുപ്പാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. നിലവില്‍ അത്യാവശ്യ സേവനങ്ങളിലൊഴികെ പകുതിപ്പേര്‍ മാത്രമാണ് ജോലിക്ക് ഹാജരാകുന്നത്.ശനിയാഴ്ച പ്രവൃത്തിദിവസമാക്കുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. ഇരുപത്തിരണ്ടാം തീയതി മുതല്‍ എല്ലാ ഉദ്യോഗസ്ഥരും ഹാജരാകണമെന്നും ഓഫീസുകള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിച്ച് തുടങ്ങണമെന്നുമാണ് നിര്‍ദേശം. ലോക്ക് ഡൗണ്‍ നാലാം ഘട്ട ഇളവുകള്‍ അനുസരിച്ച് ഏതാണ്ട് എല്ലാ മേഖലകളും തുറക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ഇനിയും നിയന്ത്രിക്കേണ്ടതില്ലെന്ന് നിലപാട് പൊതുഭരണ വകുപ്പ് സ്വീകരിച്ചത്.ഓഫീസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാത്തത് വിവിധ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നും വിലയിരുത്തലുണ്ട്.