തിരുവനന്തപുരം:വിവാദമായതോടെ പോലീസ് നിയമ ഭേദഗതിയിലെ വിവാദ ഭാഗം തിരുത്താന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍.ഭേദഗതിക്കെതിരെ സി പി എം കേന്ദ്ര നേതൃത്വത്തിനിടയിലും സി പി ഐ ക്കിടയിലും ജനങ്ങള്‍ക്കിടയിലും എതിര്‍പ്പ് സജീവമായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖം രക്ഷിക്കാനുള്ള സര്‍ക്കാരിന്റെ പുതിയ നീക്കം.സമൂഹ മാദ്ധ്യമങ്ങള്‍ക്ക് മാത്രമായി നിയമം പരിമിതപ്പെടുത്താനാണ് ആലോചന. ഭേദഗതിയില്‍ ക്രിയാത്മക നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്ന് സിപിഎം കേന്ദ്ര നേതൃത്വം ഇന്നലെ വ്യക്തമാക്കിയിരുന്നു.സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള പോലീസ് ആക്ടിലെ പുതിയ നിയമം എല്ലാ മാദ്ധ്യമങ്ങള്‍ക്കും ബാധകമായതോടെയാണ് എതിര്‍പ്പ് ഉയര്‍ന്നത്.നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനത്തില്‍ സൈബര്‍ മാദ്ധ്യമം എന്ന് പ്രത്യേക പരാമര്‍ശമില്ല. പോലീസ് ആക്ടില്‍ 118 (എ) വകുപ്പ് കൂട്ടിച്ചേര്‍ത്താണ് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങിയത്.വ്യക്തികളെയോ ഒരു വിഭാഗം ആളുകളെയോ ഭീഷണിപ്പെടുത്തുന്നതോ അധിക്ഷേപിക്കുന്നതോ അപമാനകരമായതോ അപകീര്‍ത്തികരമായതോ ആയ കാര്യങ്ങള്‍ നിര്‍മിക്കുന്നതും പ്രകടിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും കുറ്റകാരമായിരിക്കും. കുറ്റം തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം തടവോ 1000 രൂപ പിഴയോ ഇവ ഒരുമിച്ചോ നേരിടേണ്ടിവരും. എന്നാല്‍ വിജ്ഞാപനത്തില്‍ സൈബര്‍ മാധ്യമം എന്ന് പ്രത്യേക പരാമര്‍ശമില്ലാത്തതിനാല്‍ നിയമം മാധ്യമ സ്വാതന്ത്ര്യത്തിനെതിരാണെന്ന വിമര്‍ശനം ശക്തമാണ്. അപകീര്‍ത്തികരമെന്ന് പൊലീസിന് ബോധ്യപ്പെട്ടാല്‍ ഉടന്‍ തന്നെ സ്വമേധയാ കേസെടുക്കാനും അറസ്റ്റ് ചെയ്യാനുമടക്കം നിയമത്തില്‍ വ്യവസ്ഥയുണ്ട്. പല കോണുകളില്‍ നിന്നായി എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഭേദഗതി തിരുത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നത്.