തിരുവനന്തപുരം: കുനൂർ ഹെലികോപ്ടര്‍ അപകടത്തിൽ മരിച്ച മലയാളി സൈനികൻ പ്രദീപിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നല്കാൻ സംസ്ഥാന സർക്കാർ തീരുമാനം. പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിയ്‌ക്ക് ജോലി നൽകും. അച്ഛന്‍റെ ചികിത്സാ സഹായമായി മൂന്നുലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.കഴിഞ്ഞ ബുധനാഴ്ച ഊട്ടിക്ക് സമീപം കൂനൂരില്‍ 14 പേര്‍ സഞ്ചരിച്ച മി 17 വി 5 എന്ന ഹെലികോപ്ടര്‍ തകര്‍ന്നാണ് പ്രദീപ് മരിച്ചത്. പ്രദീപും സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും അടക്കം 13 പേര്‍ അപകട ദിവസം തന്നെ മരിച്ചിരുന്നു.അവധി കഴിഞ്ഞ് ജോലി സ്ഥലത്ത് തിരിച്ചെത്തിയിട്ട് വെറും നാല് ദിവസം മാത്രം പിന്നിടുമ്പോഴാണ് പ്രദീപ് അപകടത്തില്‍പ്പെട്ടത്.2018ൽ കേരളത്തിലെ പ്രളയ സമയത്ത് കോയമ്പത്തൂർ വ്യോമസേന താവളത്തിൽ നിന്ന് രക്ഷാപ്രവർത്തനങ്ങൾക്കായി പുറപ്പെട്ട ഹെലികോപ്റ്റർ സംഘത്തിൽ പ്രദീപ് എയർ ക്രൂ ആയി സ്വമേധയാ സേവനം നടത്തിയിരുന്നു.