തിരുവനന്തപുരം:സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണതിനെ തുടര്‍ന്ന് മരണപ്പെട്ട അഫീല്‍ ജോണ്‍സണിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.മീറ്റിന്റെ വോളന്റിയറായിരുന്നു അഫീല്‍.മീറ്റിന്റെ ആദ്യദിനത്തില്‍ ജാവലിന്‍, ഹാമര്‍ ത്രോ മത്സരങ്ങള്‍ നടക്കുന്നതിനിടെ ഗ്രൗണ്ടില്‍ വീണ ജാവലിനുകള്‍ എടുത്ത് മാറ്റാന്‍ നില്‍ക്കുകയായിരുന്ന അഫീലിന്റെ തലയിലേക്ക് എതിര്‍ദിശയില്‍ നിന്ന് ഹാമര്‍ വന്ന് വീഴുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ അഫീൽ 15 ദിവസമായി കോട്ടയം മെഡിക്കല്‍ കോളേജിൽ ചികിത്സയിലായിരുന്നു.സംസ്ഥാന കായിക വകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു ചികിത്സാ കാര്യങ്ങള്‍.അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. ഇടയ്ക്ക് ജീവിതത്തിലേക്കു തിരികെ വരുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും അടുത്ത ദിവസങ്ങളില്‍ ആരോഗ്യ സ്ഥിതി വഷളായി. ഇരുവൃക്കകളും തകരാറിലായതോടെ ഡയാലിസിസിനും വിധേയനാക്കി. ന്യുമോണിയ കൂടി ബാധിച്ചതോടെ തിങ്കളാഴ്ച അഫീല്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.