Kerala, News

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സർക്കാർ സുപ്രീം കോടതി വിധിക്കൊപ്പം;പുനഃപരിശോധനാ ഹർജി നൽകില്ല

keralanews govt agrees with the supreme court verdict in sabarimala women entry and will not give review petition

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ ഉറച്ച നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ സുപ്രീംകോടതി നടത്തിയ നിര്‍ണ്ണായക വിധിയക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു വിശ്വാസികളില്‍ത്തന്നെ രണ്ട് അഭിപ്രായം ഉണ്ടായിരുന്നു. ഇതെല്ലാം പരിശോധിച്ചശേഷമാണു സുപ്രീംകോടതി വിധി വന്നത്. വിധി അനുസരിച്ചു നടപടി സ്വീകരിക്കാന്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിനു കഴിയൂ. വിധിയുടെ ഭാഗമായി ഉല്‍സവകാലത്ത് സ്ത്രീകള്‍ വന്നാല്‍ അവര്‍ക്കു സൗകര്യം ചെയ്യേണ്ടതുണ്ട്. മറ്റൊരു നിയമം വരുന്നതുവരെ ഇതാണു രാജ്യത്തെ നിയമമെന്നും മുഖ്യമന്ത്രി പറഞ്ഞു.സ്ത്രീകൾ വന്നാൽ അവർക്ക് സംരക്ഷണം നൽകും.കോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം. പത്മകുമാർ നടത്തിയ പരാമര്‍ശങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കി. കൂടാതെ, ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന് പത്മകുമാർ പറഞ്ഞത് ഏതു സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി കൊടുക്കാന്‍ തീരുമാനിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

Previous ArticleNext Article