ബെംഗളൂരു:കർണാടകയിൽ വിശ്വാസവോട്ടിന് ഗവർണ്ണറുടെ അന്ത്യശാസനം.കുമാരസ്വാമി സര്‍ക്കാര്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുൻപ് വിശ്വാസവോട്ട് തെളിയിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ മുഖ്യമന്ത്രി കുമാരസ്വാമിക്ക് കത്തുനല്‍കി. വിശ്വാസ വോട്ടെടുപ്പ് നീളുന്നത് ജനാധിപത്യ സംവിധാനത്തിന് നിരക്കുന്നതല്ലെന്നാണ് ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.ഇന്നലെ തന്നെ നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ വാജുഭായ് വാല സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദേശം തള്ളിയ സ്പീക്കര്‍, ഇന്നലത്തേക്ക് സഭ പിരിയുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. അതിനിടെ ഗവര്‍ണര്‍ നല്കിയ കത്തിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഗവര്‍ണറുടെ നീക്കം അധികാര ദുര്‍വിനിയോഗമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഇന്ന് കോടതിയെ സമീപിക്കും.വിശ്വാസവോട്ടെടുപ്പ് വൈകിക്കുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ ബിജെപിയും കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിശ്വാസവോട്ടെടുപ്പ് നടത്താതെ സഭ പിരിഞ്ഞതില്‍ പ്രതിഷേധിച്ച് യെദ്യൂരപ്പയും ബിജെപി എംഎല്‍എമാരും നിയമസഭില്‍ തന്നെ കിടന്നുറങ്ങി പ്രതിഷേധിച്ചിരുന്നു.