തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനപ്രസംഗം തുടങ്ങി.പ്രതിപക്ഷം പ്രസംഗം ബഹിഷ്കരിച്ച് പ്രകടനമായി പുറത്തേക്ക് പോയി. ഗവര്‍ണര്‍ സഭയിലെത്തിയതിന് പിന്നാലെ ‘ഗവര്‍ണര്‍ ഗോ ബാക്’ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു.ഗവര്‍ണര്‍ പ്രസംഗം ആരംഭിക്കുന്നതിനു മുന്‍പ് പ്രതിപക്ഷ നേതാവ് വി ഡി സതീഷന് സംസാരിക്കാനായി എഴുന്നേറ്റെങ്കിലും അനുവദിച്ചില്ല. സഭാ സമ്മേളനത്തില്‍ നിങ്ങള്‍ക്ക് ഇതെല്ലാം ഉന്നയിക്കാനുള്ള സമയമുണ്ടെന്നും, ഇപ്പോഴീ പ്രതിഷേധിക്കുന്നത് അനവസരത്തിലാണെന്നും പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍ പ്രതിഷേധം തുടര്‍ന്ന പ്രതിപക്ഷം സഭ വിട്ടിറങ്ങി സഭാ കവാടത്തില്‍ പ്രതിഷേധിക്കുകയാണ്. ഗവര്‍ണറും സര്കാരും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കേ, അവസാനനിമിഷംവരെ സര്‍കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ഗവര്‍ണര്‍ ഒടുവില്‍ നയപ്രഖ്യാപനപ്രസംഗം വായിക്കാമെന്ന് സമ്മതിച്ചത്.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായി ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ് കര്‍ത്തയെ നിയമിച്ചത് തൊട്ടുണ്ടായ വിവാദം പൊതുഭരണ സെക്രട്ടറിയെ സ്ഥാനത്ത് നീക്കം ചെയ്യുന്നതിലേക്ക് എത്തിച്ചിരുന്നു.നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കാന്‍ ഉപാധി വെച്ച ഗവര്‍ണര്‍ക്ക് മുന്നില്‍ പൊതുഭരണ സെക്രട്ടറി കെ ആര് ജ്യോതിലാലിനെ മാറ്റി സര്‍ക്കാര്‍ അനുനയിപ്പിക്കുകയായിരുന്നു. മാര്‍ച്ച് 11 നാണ് സംസ്ഥാനമ ബജറ്റ്. ഇതിന് മുന്നോടിയായാണ് നയപ്രഖ്യാപനം പ്രസംഗം. പതിനഞ്ചാം നിയമസഭയുടെ നാലാമത് സമ്മേളനമാണ് ഇന്ന് ആരംഭിച്ചത്. വാഗ്ദാനങ്ങൾ സർക്കാർ നടപ്പിലാക്കി. കൊറോണ പ്രതിസന്ധിയെ സംസ്ഥാനം വിജയകരമായി നേരിട്ടുവെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.സർക്കാരിന്റെ നൂറുദിന പരിപാടിയെയും ഗവർണർ പ്രശംസിച്ചു. തമിഴ്നാടിന് വെള്ളം ഉറപ്പാക്കി മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് എന്നത് തന്നെയാണ് നിലപാടെന്നും ഗവർണർ പറഞ്ഞു.2020ലെ നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമത്തിനെതിരായ പരാമര്‍ശത്തിനെതിരെ ഗവര്‍ണര്‍ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. 2021ല്‍ കാര്‍ഷിക നിയമത്തിനെതിരായ ഭേദഗതിയിലും ഗവര്‍ണര്‍ പ്രതിഷേധിച്ചിരുന്നു. രണ്ട് വിഷയങ്ങളും ദേശീയ താല്പര്യങ്ങള്ക്കെതിരാണ് എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍ ഇത്തവണ അത്തരത്തില്‍ ഒരു വിഷയവും നയപ്രഖ്യാപന പ്രസംഗത്തില്‍ ഇല്ല. പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താന്‍ ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക് അവകാശമില്ല എന്നതുകൊണ്ട് തന്നെ സര്‍ക്കാര്‍ അംഗീകരിച്ച് നല്കിയ നയപ്രഖ്യാപന പ്രസംഗം പൂര്‍ണ്ണമായും ഗവര്‍ണര്‍ വായിക്കും.
Kerala, News
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം തുടങ്ങി; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
Previous Articleകൊട്ടിയൂർ പാലുകാച്ചി മല ട്രക്കിങ് മാർച്ചിൽ ആരംഭിക്കും