Kerala, News

‘നിയമപരമായ കാര്യങ്ങള്‍ അറിയിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്’;പൗരത്വ ഭേദഗതി ബിൽ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിനെതിരെ ഗവര്‍ണര്‍

keralanews governor against govt in approaching supreme court demanding to cancel citizenship amendment bill

തിരുവനന്തപുരം:പൗരത്വ നിയമഭേദഗതി ബിൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിനെതിരെ വീണ്ടും ഗവര്‍ണര്‍.ഭരണഘടന തലവനായ തന്നെ അറിയിക്കാതെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത് ശരിയായില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.വിഷയത്തിൽ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ആഴ്ചകളായി തുടരുന്ന അഭിപ്രായവ്യത്യാസത്തില്‍ ഇനിയും സമവായമായിട്ടില്ല. ഇപ്പോഴും ഒരു വിട്ടുവീഴ്ചയ്ക്കും ഗവര്‍ണര്‍ തയ്യാറാകുന്നില്ല. ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവന്‍ ഗവര്‍ണര്‍ തന്നെയാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ആവര്‍ത്തിച്ചു. അതുകൊണ്ടു തന്നെ നയപരവും നിയമപരവുമായ കാര്യങ്ങള്‍ ഔദ്യോഗികമായി ഗവര്‍ണറെ അറിയിക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിന് ഉണ്ടെന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ വിശീകരിക്കുന്നത്.ഏതെങ്കിലും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് എതിര്‍പ്പുണ്ടെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാനും സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്യാനുമുള്ള അധികാരമുണ്ട്. താന്‍ ഒരിക്കലും ആ അധികാരത്തെ ചോദ്യം ചെയ്തിട്ടില്ല എന്നും ഗവര്‍ണര്‍ പറഞ്ഞു. പക്ഷെ ഭരണഘടനാ തലവനെന്ന നിലയില്‍ അറിയിക്കേണ്ട ബാധ്യതയും സംസ്ഥാന സര്‍ക്കാരിന് ഉണ്ട്. സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം ഗവര്‍ണര്‍ അറിയേണ്ടത് മാധ്യമങ്ങളിലൂടെ അല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു.തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സിലടക്കം വലിയ അഭിപ്രായ ഭിന്നതയാണ് സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ളത്.പൗരത്വ നിയമത്തിനെതിരെ 14നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കുന്നത്. നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും സര്‍ക്കാര്‍ ഹരജിയില്‍ പറയുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ തര്‍ക്കത്തിലിടപെടാന്‍ സുപ്രീംകോടതിക്ക് അനുമതി നല്‍‍കുന്ന ഭരണഘടന അനുഛേദം 131 പ്രകാരമാണ് ഹരജി ഫയൽ ചെയ്തിരിക്കുന്നത്. ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍‌ സി.എ.എക്കെതിരെ കോടതിയെ സമീപിക്കുന്നത്.

Previous ArticleNext Article