തിരുവനന്തപുരം: എസ്‌എസ്‌എല്‍സി ചോദ്യ പേപ്പറുകള്‍ സ്‌കൂളുകളില്‍ തന്നെ സൂക്ഷിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പൊലീസിന്റെ വിലപേശലിനെ തുടര്‍ന്ന് മുടങ്ങി.ചോദ്യ പേപ്പര്‍ സൂക്ഷിക്കുന്ന സ്‌കൂളുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ പൊലീസ് ആറ് കോടി രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനം ഉപേക്ഷിച്ചത്.ഇതോടെ ചോദ്യ പേപ്പറുകള്‍ മുന്‍ വര്‍ഷങ്ങളിലേതുപോലെ ട്രഷറികളില്‍ തന്നെ സൂക്ഷിക്കാനുള്ള തീരുമാനത്തില്‍ എത്തുകയായിരുന്നു.സായുധ പൊലീസിന്റെ സുരക്ഷയോടെ ചോദ്യപേപ്പറുകള്‍ സ്കൂളുകളിൽ തന്നെ സൂക്ഷിക്കാനായിരുന്നു ആദ്യം തീരുമാനം. ഇതിനായി വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന പൊലീസ് മേധാവിയോട് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ടു.18 ദിവസമാണ് വിദ്യാഭ്യാസ വകുപ്പ് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടത്. എന്നാല്‍ ആവശ്യപ്പെട്ട ആറ് കോടി രൂപ നല്‍കാനില്ലാത്തതിനാല്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.പൊലീസിന്റെ നടപടിക്കെതിരെ പരാതിപ്പെടണമെന്ന ആവശ്യം വിദ്യാഭ്യാസ വകുപ്പില്‍ ശക്തമായി ഉയര്‍ന്നിട്ടുണ്ട്.
അതേസമയം നേരത്തെ പൊലീസിനെ വിശ്വസിച്ചു പരീക്ഷയുടെ സമയ ക്രമം മാറ്റിയ വിദ്യാഭ്യാസ വകുപ്പ് പോലീസിന്റെ ഇപ്പോഴത്തെ തീരുമാനത്തോടെ വെട്ടിലായിരിക്കുകയാണ്. മുൻവർഷങ്ങളിൽ ഉച്ചയ്‌ക്കുശേഷം നടത്തിയിരുന്ന പരീക്ഷ ഇത്തവണ രാവിലെ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ബാങ്കുകളിലെയും ട്രഷറികളിലെയും ലോക്കറുകളില്‍ ചോദ്യ പേപ്പര്‍ സൂക്ഷിച്ചിരുന്നപ്പോള്‍ ഉച്ചയ്ക്ക് ശേഷമായിരുന്നു പരീക്ഷകള്‍ നടത്തിയിരുന്നത്. ഒരു പ്രദേശത്ത് ഒരു ബാങ്കിലായിരിക്കും വിവിധ സ്‌കൂളുകളിലെ ചോദ്യ പേപ്പറുകള്‍ സൂക്ഷിക്കുക. ഇവിടെയെത്തി പൊലീസ് സുരക്ഷയോടെ ചോദ്യ പേപ്പറുകള്‍ സ്വീകരിച്ച് പരിശോധിച്ച് ഉറപ്പു വരുത്തി സ്‌കൂളുകളില്‍ എത്തിക്കാന്‍ മണിക്കൂറുകള്‍ വേണ്ടി വരും. ഉച്ചയ്ക്ക് ശേഷമാണ് പരീക്ഷയെങ്കില്‍ ചോദ്യ പേപ്പറുകള്‍ ശേഖരിച്ച് പരിശോധിച്ച് അതത് സ്‌കൂളുകളില്‍ എത്തിക്കാന്‍ ആവശ്യമായ സമയം ലഭിക്കും. ഇതിനായി ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ നിയോഗിക്കുന്ന സംഘങ്ങള്‍ രാവിലെ എട്ടു മണി മുതല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയായിരുന്നു പതിവ്. പരീക്ഷ സമയത്തിനും ഒരു മണിക്കൂര്‍ മുൻപെങ്കിലും ചോദ്യ പേപ്പറുകള്‍ സ്‌കൂളുകളില്‍ എത്തുമായിരുന്നു.പരീക്ഷ രാവിലെയായി നിശ്ചയിച്ചതോടെ കൃത്യ സമയത്ത് ചോദ്യ പേപ്പറുകള്‍ എത്തിക്കാന്‍ കഴിയുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. 9.45 ന് തുടങ്ങുന്ന പരീക്ഷയ്ക്ക് 8.45ന് മുൻപ് സ്‌കൂളുകളില്‍ ചോദ്യ പേപ്പറുകള്‍ എത്തിക്കണമെങ്കില്‍ പുലര്‍ച്ചെ നാലു മണിയോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടി വരും. ഇതിനെതിരെ അദ്ധ്യാപക സംഘടനകള്‍ സര്‍ക്കാരിനു പരാതി നല്‍കിയിട്ടുണ്ട്. സ്‌കൂളുകളില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ച ശേഷമായിരുന്നു ടൈംടേബിള്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ചത്.എന്നാൽ സുരക്ഷയൊരുക്കാൻ പോലീസ് വൻതുക ആവശ്യപ്പെട്ടതിനെ തുടർന്ന് ചോദ്യപേപ്പറുകൾ ട്രെഷറികളിൽ തന്നെ സൂക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.