കണ്ണൂർ:സെക്രെട്ടറിയേറ്റിനു മുൻപിൽ സമരം നടത്തുന്ന പി എസ്.സി ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് ഉമ്മന്‍ചാണ്ടി.അവരെ കേള്‍ക്കാതെയാണ് മുഖ്യമന്ത്രി തന്നെ ആക്ഷേപിക്കുന്നത്.അധിക്ഷേപത്തില്‍ പരാതിയില്ല.മുൻപും നിരവധി അധിക്ഷേപങ്ങള്‍ കേട്ടിട്ടുണ്ട്.കല്ലെറിഞ്ഞപ്പോഴും പ്രതിഷേധിക്കാന്‍ നിന്നിട്ടില്ല.സമരക്കാരുമായി ചര്‍ച്ച നടത്തിയാല്‍ ആരാണ് അവരുടെ കാലുപിടിക്കേണ്ടത് എന്ന കാര്യം മുഖ്യമന്ത്രിക്ക് മനസിലാകുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.ഉദ്യോഗാര്‍ഥികളോട് എന്നും നീതി കാട്ടിയത് യു.ഡി.എഫ് സര്‍ക്കാരാണ്. പകരം റാങ്ക് പട്ടിക നിലവില്‍ വരാതെ ഒറ്റ പി.എസ്.സി റാങ്ക് പട്ടികയും യു.ഡി.എഫ് സര്‍ക്കാര്‍ റദ്ദാക്കിയിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പി.എസ്.സിയുടെ ഒരു റാങ്ക്പട്ടികയുടെ കാലാവധി പരമാവധി മൂന്നു വര്‍ഷമാണ്. പുതിയ പട്ടിക വന്നിട്ടില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടി കാലാവധി നീട്ടാന്‍ സര്‍ക്കാറിന് സാധിക്കും. ഇത്തരത്തില്‍ എല്ലാ റാങ്ക് പട്ടികകളും തന്‍റെ ഭരണകാലത്ത് നീട്ടിയിട്ടുണ്ടെന്ന് അഭിമാനത്തോടെ പറയാന്‍ സാധിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.പി.എസ്.സി പരീക്ഷ എഴുതി റാങ്ക് പട്ടികയില്‍ കടന്നുകൂടുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.ഇപ്പോള്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ ഉള്‍പ്പെട്ട റാങ്ക് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തിയത് യൂണിവേഴ്സിറ്റി കത്തിക്കുത്ത് കേസില്‍ പ്രതികളായ സി.പി.എമ്മിന്‍റെ വിദ്യാര്‍ഥി സംഘടനാ നേതാക്കളായിരുന്നു.ഒരു ലക്ഷം പേര്‍ എഴുതിയ പരീക്ഷയില്‍ പഠിക്കാന്‍ സമര്‍ഥരല്ലാത്ത ഈ നേതാക്കള്‍ക്കാണ് ആദ്യ രണ്ട് റാങ്കുകള്‍ കിട്ടിയത്. സംഭവം വിവാദമായതോടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തി. പൊലീസിന്‍റെ നിരീക്ഷണത്തില്‍ വീണ്ടും പരീക്ഷ നടത്തിയപ്പോള്‍ ഈ നേതാക്കള്‍ക്ക് പൂജ്യം മാര്‍ക്കാണ് ലഭിച്ചത്.ഇതോടെ പി.എസ്.സി അവരെ അയോഗ്യരാക്കി. കേസില്‍ പ്രതികളായ മൂന്ന് പേരുടെ ജോലി നഷ്ടമായതിന്റെ പ്രതികാരമായാണ് മറ്റുള്ളവര്‍ക്കും ജോലി നല്‍കാത്തത്.ഇതാണ് സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ തന്നോട് കരഞ്ഞു പറഞ്ഞത്. തട്ടിപ്പ് പുറത്തായതോടെ റാങ്ക് പട്ടിക ആറു മാസം മരവിപ്പിച്ചു. കിട്ടേണ്ട നീതി കിട്ടിയില്ലെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. ഉദ്യോഗാര്‍ഥികളോട് സംസാരിക്കാതെ മുഖ്യമന്ത്രിക്ക് ഇത് എങ്ങനെ മനസിലാകും. സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളോട് മുഖ്യമന്ത്രി സംസാരിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.