പത്തനംതിട്ട: കല്ലുപ്പാറയിൽ മോക്ഡ്രില്ലിനിടെ മുങ്ങിമരിച്ച ബിനു സോമന്റെ കുടുംബത്തിന് നാലുലക്ഷം രൂപ ധനസഹായം അനുവദിച്ച് സര്‍ക്കാർ.സംസ്ഥാന ദുരന്തനിവാരണ നിധിയിൽ നിന്നാണ് ബിനുവിന്റെ കുടുംബത്തിന് സഹായം നൽകുക.ബിനു സോമന്റെ നിയമപരമായ അനന്തരാവകാശിക്കാണ് ധനസഹായം നൽകുന്നത്. കഴിഞ്ഞ ആഴ്ചയായിരുന്നു പ്രളയ ദുരന്തം നേരിടുന്നതിനായി ദുരന്തനിവാരണ അതോറിറ്റി സംഘടിപ്പിച്ച മോക്ഡ്രില്ലിനിടെ ബിനു മുങ്ങി മരിച്ചത്.മോക്ഡ്രില്ലിനിടെ ഉദ്യോഗസ്ഥർക്കുണ്ടായ വീഴ്ചയാണ് ബിനുവിന്റെ മരണത്തിന് ഇടയാക്കിയത്. ഈ സാഹചര്യത്തിലാണ് ധനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചത്. റവന്യു, ആരോഗ്യം, പഞ്ചായത്ത്, അഗ്നിശമന സേന, എൻഡിആർഎഫ്,, പൊലിസ് വകുപ്പുകൾ എന്നിവരെല്ലാം ചേർന്നാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. കല്ലുപ്പാറ പഞ്ചായത്തിൽ ചേർന്ന ആലോചനാ യോഗത്തിൽ അമ്പാട്ടുഭാഗത്ത് കോമളം പാലത്തിന് സമീപം മോക്ഡ്രിൽ നടത്താനാണ് തീരുമാനിച്ചത്. എന്നാൽ തൊട്ടടുത്ത ദിവസം രാവിലെ നിശ്ചയിച്ച സ്ഥലത്ത് നിന്ന് നാല് കിലോമീറ്റർ മാറി അപകടം നടന്ന പടുതോടേക്ക് മോക്ക്ഡ്രിൽ മാറ്റി.എൻഡിആർഎഫാണ് സ്ഥലം മാറ്റിയതെന്നാണ് ജില്ലാ കളക്ടർ മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ട്. മോക്ക്ഡ്രില്ലിന്റെ ചുമതലയിലുണ്ടായിരുന്ന തഹസിൽദാർ പോലും സ്ഥലം മാറ്റിയ വിവരം അറിയുന്നത് വൈകിയാണ്. വാഹനം എത്താനുള്ള സൗകര്യം നോക്കിയാണ് സ്ഥലം മാറ്റിയതെന്നാണ് ഇക്കാര്യത്തിൽ എൻഡിആർഎഫ് അപകടത്തിന് ശേഷം ജില്ലാ കളക്ടർക്ക് നൽകിയ വിശദീകരണം.