തിരുവനന്തപുരം:മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥര്‍ ശ്രീറാം വെങ്കിട്ടരാമന് നിയമനം നല്കാന് സര്‍ക്കാര്‍ നീക്കം.ആരോഗ്യ വകുപ്പിൽ നിയമനം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.നിലവില്‍ ഇയാള്‍ സസ്പെന്‍ഷനിലാണ്.നേരത്തെ നിയമനം നല്കാന് നീക്കം നടത്തിയത് വിവാദമായതോടെ ആ തീരുമാനം മാറ്റിയിരുന്നു.അതിനിടെയാണ് വീണ്ടും നിയമനം നല്കാന് നീക്കം നടത്തുന്നത്. അഡീഷണല്‍ സെക്രട്ടറിയായോ കൊറോണ സെല്ലിന്റെ ചുമതലക്കാരനായോ നിയമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥന് എന്നതിലുപരി ശ്രീറാം ഒരു ഡോക്ടര്‍ കൂടിയാണ്. കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് കൊറോണ സെല്ലിന്റെ ചുമതല നല്‍കുന്നതാകും ഉചിതമെന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്ക് ഉപദേശം നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയനം നല്‍കാനൊരുങ്ങുന്നത്.ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയനോടും മാധ്യമ പ്രവര്‍ത്തകരുടെ മറ്റു സംഘടനകളോടും ബഷീറിന്റെ കുടുംബാംഗങ്ങളോടും സര്‍ക്കാര്‍ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും ഇനിയും ഇയാളെ പുറത്തു നിര്‍ത്തുന്നത് ശരിയല്ലെന്നുമാണ് സര്‍ക്കാര്‍ യൂണിയനോടും ബഷീറിന്റെ കുടുംബാംഗങ്ങളോടും പറഞ്ഞിരിക്കുന്നത്. ബഷീറിന്റെ ഭാര്യക്ക് ജോലി നല്കി. ഇത്രയും നാള് സസ്പെന്‍ഷനില്‍ നിര്‍ത്തുകയും ചെയ്തു. അതിനു പുറമെ നഷ്ടപരിഹാരവും നല്കി.സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ആറുമാസത്തില്‍ കൂടുതല്‍ ഒരു കേസിന് സസ്പെന്‍ഷനില്‍ നിര്‍ത്താനാകില്ല. ഒരുപക്ഷേ ഇയാള്‍ കോടതിയെ സമീപിച്ചാല്‍ സര്‍ക്കാരിന് തിരിച്ചടിയാകുമെന്നും അറിയിച്ചിട്ടുണ്ട്. നിലവില്‍ ശ്രീറാമിനെതിരായ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇനി കോടതിയാണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്.ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കുന്നതിന് അനുകൂല നിലപാടാണ് പത്രപ്രവര്‍ത്തക യൂണിയന് അറിയിച്ചത്. എന്നാല്‍ ബഷീറിന്റെ കുടുംബാംഗങ്ങള്‍ ഇതുവരെ മറുപടിയൊന്നും നല്‍കിയിട്ടില്ല. അവരുടെ അനുവാദം കൂടി കിട്ടുന്ന മുറയ്ക്ക് നിയമനം നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. ഹെവാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും എംബിബിഎസ് എടുത്തയാളാണ് ശ്രീറാം. അതിനാല്‍ അദ്ദേഹത്തിന്റെ സേവനം ഈ സമയത്ത് അനിവാര്യമാണെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ ഉപദേശം. ഇതുകൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ ശ്രീറാമിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. 2019 ഓഗസ്റ്റ് മൂന്നിന് വെളുപ്പിന് ഒരു മണിക്കാണ് സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫ് ആയ കെ.എം.ബഷീര്‍ കൊല്ലപ്പെടുന്നത്. ശ്രീറാമിനെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും അലക്ഷ്യമായി അമിതവേഗതയില്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിനുമാണ് കേസെടുത്തിരുന്നത്. ശ്രീറാം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു.