Kerala, News

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ഇന്നു മുതല്‍ അനിശ്ചിതകാല ബഹിഷ്കരണ സമരത്തിലേക്ക്

keralanews government medical college doctors to go on indefinite boycott strike from today

തിരുവനന്തപുരം:സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ഇന്നു മുതല്‍ അനിശ്ചിതകാല ബഹിഷ്കരണ സമരത്തിലേക്ക്.ശമ്പള കുടിശികയും അലവന്‍സും നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ഇന്ന് വഞ്ചനാദിനം ആചരിക്കും.മെഡിക്കല്‍ കോളേജുകളിലെ പ്രിന്‍സിപ്പല്‍ ഓഫീസിന് മുന്നിലും തിരുവനന്തപുരത്ത് ഡിഎംഇ ഓഫീസിന് മുന്നിലും പ്രതിഷേധ ജാഥയും ധര്‍ണയും നടത്തും. ചികിത്സയേയും അധ്യാപനത്തെയും ബാധിക്കാതെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കും സമരം. ഇന്ന് വഞ്ചനാദിനവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കരിദിനവും ആചരിക്കാനാണ് പദ്ധതി.വിഐപി ഡ്യൂട്ടിയും പേ വാര്‍ഡ് ഡ്യൂട്ടിയും നോണ്‍ കോവിഡ്-നോണ്‍ എമര്‍ജന്‍സി യോഗങ്ങളും ബഹിഷ്‌കരിക്കും. മാര്‍ച്ച്‌ 10നു സെക്രട്ടേറിയറ്റിനു മുന്നില്‍ വൈകിട്ട് 6.30 നു കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരും മെഴുകുതിരി കൊളുത്തി പ്രതിഷേധിക്കും. മാര്‍ച്ച്‌ 17ന് ഒരു ദിവസം 24 മണിക്കൂര്‍ ഒപിയും എലെക്റ്റീവ് ശസ്ത്രക്രിയകളും അധ്യാപനവും ബഹിഷ്കരിക്കുമെന്ന് സംഘടന അറിയിച്ചു.2016 മുതലുള്ള ശമ്പള കുടിശ്ശികയും അലവന്‍സും മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് ലഭിക്കാനുണ്ട്. രണ്ടാഴ്ച മുൻപ് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുമായി ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് 2017 മുതലുള്ള ശമ്പള കുടിശ്ശികയും അലവന്‍സും നല്‍കാന്‍ തീരുമാനമായി. എന്നാല്‍ 2020 മുതലുള്ള കുടിശ്ശിക നല്‍കാമെന്നായിരുന്നു ഉത്തരവിലുണ്ടായിരുന്നത്. ഇതേതുടര്‍ന്നാണ് ഡോക്ടര്‍ സമരത്തിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്.

Previous ArticleNext Article