Kerala, News

പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ അഞ്ചിരട്ടിയിലധികം ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തുന്നത് നിര്‍ത്താനുള്ള നടപടികളുമായി സര്‍ക്കാര്‍;പ്രത്യേക കമ്മീഷനെ നിയമിച്ച്‌ റിപ്പോര്‍ട്ട് തേടി

keralanews government has taken steps to stop the inclusion of more than five times as many candidates in the psc rank list

തിരുവനന്തപുരം : പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ അഞ്ചിരട്ടിയിൽ കൂടുതൽ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തുന്നത് നിര്‍ത്താനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. സെക്രട്ടറിയേറ്റില്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായുള്ള സമരത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. ഇതുസംബന്ധിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് കെ.കെ. ദിനേശന്‍ അധ്യക്ഷനായ കമ്മിഷനേയും നിയോഗിച്ചിട്ടുണ്ട്.മെയിന്‍, സപ്ലിമെന്ററി ലിസ്റ്റില്‍ ഉദ്യോഗാര്‍ത്ഥികളെ കൂടുതലായി ഉള്‍പ്പെടുത്തുന്നതിന്റെ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് നടപടികള്‍ ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാനും കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പി എസ് സി ചെയര്‍മാന്‍ എം കെ സക്കീറാണ് തീരുമാനങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. സ്‌ക്രീനിംഗ് പരീക്ഷകള്‍ ഉദ്യോഗാര്‍ത്ഥികള്‍ കാലങ്ങളായി ആവശ്യപ്പെടുന്നതാണ്. അപേക്ഷിക്കുന്ന കാറ്റഗറിയിലേയ്ക്ക് മാത്രമായിരിക്കും സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ നടത്തുക. അപേക്ഷ നല്‍കുന്നവരില്‍ പലരും പരീക്ഷ എഴുതുന്നില്ലെന്നും ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. 1958ലെ കേരള സ്റ്റേറ്റ് സബോഡിനേറ്റ് സര്‍വീസ് ചട്ടങ്ങളില്‍ നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 14ഇ എന്ന ഉപചട്ടം ഉള്‍പ്പെടുത്തിയിരുന്നു. ഈ ചട്ടപ്രകാരം പിഎസ്സി റാങ്ക് ലിസ്റ്റിന്റെ സപ്ലിമെന്ററി ലിസ്റ്റില്‍ ഓരോ സംവരണ സമുദായത്തിനും അനുവദിച്ചിട്ടുള്ള സംവരണ ക്വാട്ട ഉറപ്പാക്കാനാണ് ക്വാട്ടയുടെ അഞ്ചു മടങ്ങില്‍ കുറയാത്ത ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തി തുടങ്ങിയത്.ഉദ്യോഗാര്‍ഥികളുടെ അഞ്ചിരട്ടി അധികംപേരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് പിന്നീട് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിനല്‍കാനുള്ള ആവശ്യങ്ങള്‍ക്കും കോടതി വ്യവഹാരങ്ങള്‍ക്കും ഉദ്യോഗാര്‍ത്ഥികളില്‍നിന്നുള്ള പരാതികള്‍ക്കും ഇടയാക്കിയിരുന്നു. തുടര്‍ന്ന് ഇക്കാര്യങ്ങളും അനുബന്ധ വിഷയങ്ങളും പഠിച്ച്‌ റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ 2019 ഡിസംബറില്‍ കമ്മിഷനെ ചുമതലപ്പെടുത്തി. പിന്നീട് കമ്മിഷനെ നിയോഗിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ അനുവദിക്കാത്തതിനാല്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല.

Previous ArticleNext Article