Kerala, News

പരീക്ഷാ നടത്തിപ്പ് ക്രമീകരിക്കാൻ പ്രത്യേക സമിതി രൂപീകരിച്ച്‌ സര്‍ക്കാര്‍

keralanews government formed special committee to organize exams

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് മൂലം അവതാളത്തിലായ സര്‍വകലാശാലകളിലെ പരീക്ഷാ നടത്തിപ്പ് ക്രമീകരിക്കുന്നതിന് സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. അധ്യയന നഷ്ടവും പരീക്ഷാ നടത്തിപ്പും ക്രമീകരിക്കുന്നതിനാണ് സമിതി.ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ബി ഇക്ബാല്‍ ആണ് സമിതി അധ്യക്ഷന്‍.നിലവിലെ സാഹചര്യങ്ങള്‍ പഠിച്ച്‌ സമിതി ഒരാഴ്ചക്കകം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.കഴിഞ്ഞ ദിവസം മന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തില്‍ വൈസ് ചാന്‍സിലര്‍മാരുടെ വീഡിയോ കോണ്‍ഫറന്‍സ് വിളിച്ചുചേ‍ര്‍ത്തിരുന്നു. യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സമിതിയുടെ രൂപീകരണം. എംജി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ സാബു തോമസ്, കേരള സര്‍വ്വകലാശാല പ്രോ വിസി അജയകുമാര്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.മാര്‍ച്ച്‌ 31നകം ബിരുദ പരീക്ഷയും ഏപ്രില്‍ 30 നകം പരീക്ഷാഫലവും മെയ് 31 നകം ബിരുദാനന്തര പരീക്ഷയും എന്നീ ക്രമത്തിലാണ് സര്‍വകലാശാല പരീക്ഷാ കലണ്ടര്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ലോക്ഡൗണന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ നടത്താനാകില്ല. നിലവിലെ സാഹചര്യത്തെ നേരിടാനുള്ള മാ‍ര്‍ഗങ്ങള്‍ തേടുകയാണ് സമിതിയുടെ ലക്ഷ്യം.കോവിഡും ലോക്ക് ഡൌണും പരീക്ഷാ നടത്തിപ്പ് ഉള്‍പ്പെടെ അക്കാദമിക് പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ചിട്ടുണ്ട്. ഡിഗ്രി ക്ലാസുകളിലെ പരീക്ഷകള്‍ ഇനിയും പൂര്‍ത്തീകരിക്കാനുണ്ട്. പരീക്ഷകള്‍ വൈകുന്നതിനൊപ്പം മൂല്യനിര്‍ണയവും ഫലപ്രഖ്യാപനവും വൈകിയതോടെ വിദ്യാഭ്യാസ മേഖല പ്രതിസന്ധിയിലാണ്. സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമായാല്‍ മെയ് പകുതിയോടെ പരീക്ഷ തുടങ്ങാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ജൂണില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ കഴിയില്ല. ജൂലൈയില്‍ അധ്യയന വര്‍ഷം ആരംഭിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സമിതിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നിര്‍ദേശം.പരീക്ഷാ നടത്തിപ്പ് ക്രമീകരണത്തിനൊപ്പം ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാന്‍ സ്ഥാപനങ്ങള്‍ ഭാവിയില്‍ കൈക്കോള്ളേണ്ട നടപടികള്‍ സംബന്ധിച്ചും പഠനം നടത്തണം.

Previous ArticleNext Article