തിരുവനന്തപുരം:സെക്രെട്ടറിയേറ്റിനു മുൻപിൽ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധികളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നടത്തിയ കൂടിക്കാഴ്ച പൂര്‍ത്തിയായി. പ്രശ്നങ്ങളെല്ലാം ഗവര്‍ണറെ ബോദ്ധ്യപ്പെടുത്താനായി.ആവശ്യങ്ങളെല്ലാം അനുഭാവപൂര്‍വം പരിഹരിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയെന്നും ഉദ്യോഗാര്‍ത്ഥികള്‍ ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിച്ചു. വിഷയത്തില്‍ തന്നാലാകുന്നതെല്ലാം ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചതായി ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂലമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് സെക്രട്ടറിയേറ്റ് പടിക്കല്‍ 48 മണിക്കൂര്‍ ഉപവാസം നടത്തിയിരുന്നു. ശോഭാ സുരേന്ദ്രന് അവസരമൊരുക്കിയപ്പോഴാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗവര്‍ണറെ കാണാന്‍ സാധിച്ചത്. സമരത്തെ ആര് പിന്തുണച്ചാലും തളളിക്കളയില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. ഡിവൈഎഫ്ഐ ചര്‍ച്ചയ്ക്ക് മദ്ധ്യസ്ഥതയ്ക്കെത്തിയപ്പോഴും ശോഭാ സുരേന്ദ്രന് ഗവര്‍ണറെ കാണാന്‍ അവസരം നല്കിയപ്പോഴും അതുകൊണ്ടാണ് സഹകരിച്ചതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു.സെക്രട്ടേറിയറ്റിന് മുന്നിലെ ഉദ്യോഗാര്‍ഥികളുടെ സമരം തുടരുകയാണ്. ഉപവാസമുള്‍പ്പെടെയുള്ള സമര പരിപാടികളിലേക്ക് നീങ്ങിയ ഉദ്യോഗാര്‍ഥികള്‍ ഇന്ന് പ്രതീകാത്മക മീന്‍ വില്പന നടത്തിയും പ്രതിഷേധിച്ചിരുന്നു.