കൊല്ലം:കൊല്ലത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ഗൗരി നേഹ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ട്രിനിറ്റി സ്കൂളിലെ അധ്യാപികമാർക്ക് ഹൈക്കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു.ഈ മാസം പതിനേഴാം തീയതി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി ജാമ്യമെടുക്കണമെന്നും കോടതി നിർദേശിച്ചു.18,19,20 തീയതികളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.മരിക്കുന്നതിന് തൊട്ടുമുൻപ് ഈ അദ്ധ്യാപികമാർ കുട്ടിയെ വിളിച്ചു കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്നും ടീച്ചർമാർ ഗൗരിയെ ചീത്തപറഞ്ഞെന്നും പ്രോസിക്യൂഷൻ വാദിച്ചു.ഈ കുട്ടിയോട് അദ്ധ്യാപികമാർ കാണിച്ചത് ക്രൂരതയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.എന്നാൽ തങ്ങൾ നിരപരാധികളാണെന്നും കേസിൽ അറിയാതെ പ്രതികൾ ആകുകയായിരുന്നുവെന്നും അദ്ധ്യാപികമാർ കോടതിയെ അറിയിച്ചു.ഇതേ തുടർന്നാണ് കോടതി ഇവർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.