Kerala, News

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ഐ.എ.എസ് നേടിയെന്ന് പരാതി;തലശ്ശേരി സബ് കളക്ടറുടെ പദവി റദ്ദാക്കാന്‍ ശുപാര്‍ശ

keralanews got ias using fake certificate recommendation to cancel the post of thalassery sub collector

തിരുവനന്തപുരം: തലശേരി സബ്കളക്ടര്‍ ആസിഫ് കെ. യൂസഫിന്റെ ഐഎഎസ് റദ്ദാക്കാന്‍ ശുപാര്‍ശ. ഇതു സംബന്ധിച്ച കത്ത് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം കേരള ചീഫ് സെക്രട്ടറിക്ക് അയച്ചു. ആസിഫിനെതിരേ ഓള്‍ ഇന്ത്യ സര്‍വീസ് പ്രൊബേഷന്‍ നിയമത്തിലെ ചട്ടം 12 പ്രകാരം നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. വ്യാജ സര്‍ട്ടിഫിക്കെറ്റുകള്‍ ഹാജരാക്കിയാണ് ആസിഫ് ഐഎഎസ് നേടിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
2016 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ആസിഫ് കെ. യൂസഫ്. നോണ്‍ ക്രീമിലയര്‍ ഉദ്യോഗാര്‍ഥിയെന്ന നിലയിലാണ് ആസിഫിന് കേരള കേഡറില്‍ തന്നെ ഐഎഎസ് ലഭിച്ചത്. ഉദ്യോഗാര്‍ഥിയുടെ കുടുബത്തിന്റെ വാര്‍ഷിക വരുമാനം ആറ് ലക്ഷത്തിന് താഴെ വന്നാല്‍ മാത്രമാണ് ക്രീമിലിയര്‍ ഇതരവിഭാഗത്തിന്റെ ആനുകൂല്യം യുപിഎസ്സി നല്‍കുക. 2015 ല്‍ പരീക്ഷയെഴുതുമ്പോൾ കുടുംബത്തിന്റെ വരുമാനം ആറു ലക്ഷത്തിന് താഴെയെന്നായിരുന്നു ആസിഫ് യുപിഎസ്സിക്ക് നല്‍കിയ ക്രീമിലിയര്‍ സര്‍ട്ടിഫിക്കറ്റില്‍ പറഞ്ഞിരുന്നത്. കുടുംബത്തിന് വരുമാനം 1.8 ലക്ഷമാണെന്ന കണയന്നൂര്‍ തഹസില്‍ദാറിന്റെ സര്‍ട്ടിഫിക്കറ്റും ആസിഫ് ഹാജരാക്കിയിരുന്നു. എന്നാല്‍, ആസിഫിന്റെ കുടുംബം ആദായ നികുതിയടക്കുന്നവരാണെന്നും പരീക്ഷയെഴുതുമ്ബോള്‍ കുടുംബത്തിന്റെ വരുമാനം 28 ലക്ഷമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. കണയന്നൂര്‍ തഹസില്‍ദാര്‍ നല്‍കിയിട്ടുള്ള രേഖകള്‍ വസ്തുതകള്‍ക്ക് വിരുദ്ധമാണെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോഴത്തെ തഹസില്‍ദാറുടെ അന്വേഷണ റിപ്പോര്‍ട്ടും ആദായനികുതി രേഖകളും ഉള്‍പ്പെടുത്തി കളക്ടര്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിരുന്നു. വിഷയത്തില്‍ വിജിലന്‍സും അന്വേഷിച്ച്‌ രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

Previous ArticleNext Article