ഗോരഖ്പുർ: ഉത്തർപ്രദേശിലെ ബാബാ രാഘവ് ദാസ് ആശുപത്രിയിൽ കുരുന്നുകൾ മരിച്ചത് ഓക്സിജന്‍റെ അഭാവം മൂലമെന്ന് ജില്ലാ മജിസ്ട്രേറ്റ് രാജീവ് റുട്ടേലയുടെ റിപ്പോർട്ട്. ഓക്സിജൻ വിതരണം നിലച്ചതിന്‍റെ ഉത്തരവാദിത്തം പുഷ്പ സെയിൽസിനാണ്. അനസ്തേഷ്യ വിഭാഗം മേധാവി സതീഷ് കുമാർ, ആശുപത്രിയുടെ മുന്‍ പ്രിന്‍സിപ്പിൽ ഡോ. ആർ.കെ. മിശ്ര, ഓക്സിജൻ പർച്ചേസിംഗ് കമ്മിറ്റി പ്രസിഡന്‍റ് എന്നിവർ ഇക്കാര്യത്തിൽ കുറ്റക്കാരാണെന്നും റിപ്പോർട്ടിൽ പറയുന്നു.ഓക്‌സിജന്‍ വാങ്ങുന്നതും വീണ്ടും നിറയ്ക്കുന്നതും രേഖപ്പെടുത്തുന്ന ലോഗ് ബുക്കില്‍ തിരുത്തലുകള്‍ വരുത്തിയിട്ടുള്ളതായും ജില്ലാ ഭരണകൂടം കണ്ടെത്തി. സതീഷ് കുമാറും ഫാര്‍മസി മേധാവി ഗജന്‍ ജയ്‌സ്വാള്‍ ഓക്‌സിജന്‍ സിലണ്ടറിന്‍റെ ലഭ്യത പരിശോധിക്കാനോ ലോഗ് ബുക്കില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുകയോ ചെയ്തിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ശിശുരോഗ വിദഗ്ധൻ ഡോ. കഫീൽ ഖാനും സംഭവത്തിന് തുല്യ ഉത്തരവാദിയാണെന്നും ജില്ലാ മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടി. ഓക്സിജൻ വിതരണത്തിൽ തടസം ഉണ്ടായില്ലെന്നാണ് സർക്കാർ നൽകിയ വിശദീകരണം. എന്നാൽ ഇക്കാര്യം തള്ളി കളയുന്നതാണ് ജില്ലാ മജിസ്ട്രേറ്റിന്‍റെ റിപ്പോർട്ട്.ജില്ലാ മജിസ്ട്രേറ്റിന്‍റെ റിപ്പോർട്ട് ലഭിച്ചതായി ചീഫ് സെക്രട്ടറി രാജീവ് കുമാർ സ്ഥിരീകരിച്ചു. അന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 20ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും.