തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള വെര്‍ച്വല്‍ ക്യൂ ആപ്പായ ബെവ്ക്യുവിന് ഗൂഗിള്‍ അനുമതി നല്‍കി. ഇതോടെ സംസ്ഥാനത്തെ മദ്യശാലകള്‍ അടുത്ത ദിവസങ്ങളില്‍ തുറക്കുമെന്നാണ് സൂചന.എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഇന്ന് എക്സൈസ് കമ്മീഷണറുമായും ബെവ്‌കോ മാനേജിങ് ഡയറക്ടറുമായും ചര്‍ച്ച നടത്തുന്നുണ്ട്. യോഗത്തിനുശേഷം മദ്യശാലകള്‍ തുറക്കുന്ന തീയതി ബവ്‌കോ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.സാങ്കേതികമായ അനുമതി ലഭിച്ചതോടെ ഇനി രണ്ടു കടമ്പയാണ് ആപ്പിന് നിലവില്‍ വരുന്നതിന് ബാക്കിയുള്ളത്. ഒരേ സമയം നിരവധി ആളുകള്‍ പ്രവേശിക്കുമ്പോൾ തകരാറിലാകാതിരിക്കാന്‍ ലോഡിങ് ടെസ്റ്റ് നടത്തും. ഹാക്കിങ് ഉണ്ടാകാതിരിക്കാന്‍ സുരക്ഷാ പരിശോധനയും നടത്തും. ഇതുരണ്ടും ഒരേ സമയം നടത്താന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്.അതേസമയം 35 ലക്ഷം ആളുകള്‍ ഒരുമിച്ച് മദ്യം ബുക്ക് ചെയ്താലും പ്രശ്‌നമില്ലാത്ത രീതിയിലാണ് ആപ് തയാറാക്കിയിരിക്കുന്നതെന്ന് അധികൃതര്‍ അവകാശപ്പെടുന്നത്.പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും മൊബൈല്‍ ആപ് ലഭ്യമാക്കും.ഇതിനു പുറമേ സാധാരണ ഫോണുകളില്‍നിന്ന് എസ്‌എംഎസ് വഴിയും വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യാം.പേരും ഫോണ്‍ നമ്പറും സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളവും (സ്ഥലപ്പേര്, പിന്‍കോഡ്, ലൊക്കേഷന്‍ എന്നിവയിലേതെങ്കിലും) നല്‍കിയാണ് ബുക്ക് ചെയ്യേണ്ടത്. വ്യക്തിവിവരങ്ങള്‍ ചോദിക്കില്ല.ഇതിലൂടെ ലഭിക്കുന്ന ഇ-ടിക്കറ്റില്‍ ഏത് മദ്യഷാപ്പില്‍ എപ്പോള്‍ വരണമെന്ന് അറിയിക്കും. അതനുസരിച്ച് ഉപഭോക്താക്കള്‍ എത്തിയാല്‍ മദ്യം വാങ്ങാം. ഇ-ടിക്കറ്റിലെ ക്യൂ ആര്‍ കോഡ് മദ്യശാലകളില്‍ സ്‌കാന്‍ ചെയ്ത് പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യും. ഒരു തവണ ബുക്ക് ചെയ്താല്‍ 4 ദിവസം കഴിഞ്ഞേ വീണ്ടും മദ്യം ബുക്ക് ചെയ്യാനാകൂ. ഒരാള്‍ക്ക് പരമാവധി 3 ലീറ്റര്‍ മദ്യമേ ലഭിക്കൂ. പൂര്‍ണ്ണമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും വിപണനം.